വയനാട്: ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനും വധുവും മരിച്ചു.
സുല്‍ത്താന്‍ ബത്തേരി ദേശീയപാത 766-ല്‍ മുത്തങ്ങ കല്ലൂര്‍ പാലത്തിന് സമീപമാണ് അപകടം നടന്നത്. സ്‌കൂട്ടര്‍ യാത്രക്കാരായ മലപ്പുറം കാലടി കാടഞ്ചേരി സ്വദേശി മുഹമ്മദ് ഫായിസ് (25), കോഴിക്കോട് കുളങ്ങരപ്പാടം സ്വദേശി അംനത്ത് (25) എന്നിവരാണ് മരിച്ചത്.
കര്‍ണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിയുടെ മുന്‍വശത്ത് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
മരിച്ച ഫായിസിന്റേയും അംനത്തിന്റേയും വിവാഹം നിശ്ചയിച്ചിരുന്നതാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ദുബായിലായിരുന്ന ഫായിസ് വിവാഹ കാര്യങ്ങള്‍ക്കായി അടുത്തിടെയാണ് നാട്ടിലെത്തിയത്. അംനത്തിന്റെ രണ്ടാം വിവാഹമായിരുന്നു. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ ബത്തേരി പൊലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.







