തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. പാലപ്പിള്ളി ഒളകരകവയിലായിരുന്നു സംഭവം. എച്ചിപ്പാറ ഉന്നതിയിലെ മലയന്‍ വീട്ടില്‍ കുമാര്‍(42) ആണ് മരിച്ചത്. ഫയര്‍ലൈന്‍ ജോലിക്കായി പോയ ആറംഗ സംഘത്തിന് നേരെയുണ്ടാ പിടിയാന ആക്രമണത്തിലായിരുന്നു മരണം. ആനയുടെ മുന്നില്‍ അകപ്പെട്ട സംഘം പലവഴിക്കായി ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറിന് ശേഷം സംഘം തിരിച്ചെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ച നിലയില്‍ കുമാറിനെ കണ്ടത്. കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ ചേര്‍ന്ന് കുമാറിനെ കാടിന് പുറത്തെത്തിച്ച് വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.







