മമ്മൂട്ടി തന്നെ ഫോണില്‍ വിളിച്ചു; വിവാദം അവസാനിപ്പിക്കണമെന്ന് റഫീഖ്

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ഒരുക്കിയ ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കുന്നതിനിടെ നടന്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഫീഖ് വിവാദത്തില്‍ പ്രതികരിച്ചത്. മമ്മൂട്ടി തന്നെ നേരിട്ട് ഫോണില്‍ വിളിച്ചതായും തങ്ങള്‍ക്കിടയില്‍ യാതൊരുവിധ അസ്വാരസ്യങ്ങളുമില്ലെന്നും റഫീഖ് പറഞ്ഞു.

മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ടാണ് താന്‍ അവിടെ എത്തിയത്. ആ സമയത്ത് മമ്മൂട്ടിയെ കണ്ടപ്പോള്‍ നടന് തിരക്കും ബഹളവും മൂലം അലോസരമുണ്ടാകരുത് എന്ന കരുതലോടു കൂടിയാണ് അവിടെ ഇടപെട്ടത്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അതിഥികളെ സ്വീകരിക്കുന്നത് സ്വാഭാവികമായ രീതി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ വൈകാരികമായി പ്രതികരിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധിയെ മാനിക്കുന്നു.

തന്റെ സാന്നിധ്യം രാഷ്ട്രീയമായി മറ്റൊരു നിലയില്‍ വ്യാഖ്യാനിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് മമ്മൂട്ടി പങ്കുവെച്ചത്. ഇക്കാര്യം മമ്മൂട്ടി നേരിട്ട് തന്നെ ഫോണില്‍ വിളിച്ച് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ സംഭാഷണത്തെ തനിക്കെതിരെയുള്ള ആയുധമാക്കി മാറ്റാന്‍ ചില മാധ്യമങ്ങളും സൈബര്‍ കേന്ദ്രങ്ങളും ശ്രമിച്ചതാണ് വിഷയം വഷളാക്കിയത്. സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ ഉയര്‍ന്നുവന്ന മാതൃകാപരമായ ഈ ടൗണ്‍ഷിപ്പിന്റെ തിളക്കം ഇത്തരം വിവാദങ്ങള്‍ മൂലം കുറഞ്ഞുപോകരുതെന്ന് റഫീഖ് പോസ്റ്റില്‍ അഭ്യര്‍ത്ഥിച്ചു. ദുരന്തം ജീവിതം താറുമാറാക്കിയ നമ്മുടെ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞാല്‍ പരിഭവങ്ങളും തര്‍ക്കങ്ങളും മാറ്റിവെച്ച് നമുക്ക് ചേര്‍ന്ന് നില്‍ക്കാന്‍ എന്താണ് തടസ്സമെന്നും അദ്ദേഹം ചോദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page