സുഖോയ് യുദ്ധവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുമാര്‍ക്കും വീരമൃത്യു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുമാര്‍ക്കും വീരമൃത്യു സംഭവിച്ചതായി സ്ഥിരീകരണം. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനൂജ്, ഫ്‌ളൈറ്റ് ലഫ്റ്റനന്റ് പൂര്‍വേശ് ദുരാഗ്കര്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് വിമാനത്തിന്റെ സിഗ്‌നല്‍ അവസാനമായി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തിയത്. പതിവ് പരിശീലന പറക്കല്‍ നടത്തുന്നതിനിടെ അസമിലെ കര്‍ബി ആംഗ്ലോങ് ജില്ലയിലെ കുന്നിന്‍പ്രദേശത്ത് തകര്‍ന്നുവീഴുകയായിരുന്നു.

വിമാനത്തിന്റെ ഒരു ഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. ഈ ഭാഗം പൂര്‍ണ്ണമായി കത്തിനശിച്ച നിലയിലായിരുന്നു. അസമിലെ ജോര്‍ഹട്ടില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. പിന്നാലെ സുഖോയ് -30 എംകെ 1 യുദ്ധവിമാനം റഡാറില്‍ നിന്ന് ബന്ധം നഷ്ടപ്പെട്ടെന്നും തെരച്ചില്‍ നടത്തുകയാണെന്നും പ്രതിരോധ വകുപ്പ് അറിയിച്ചിരുന്നു.

റഷ്യന്‍ വിമാന നിര്‍മ്മാതാക്കളായ സുഖോയ് വികസിപ്പിച്ചെടുത്ത രണ്ട് സീറ്റുള്ള മള്‍ട്ടിറോള്‍ ലോംഗ് റേഞ്ച് യുദ്ധവിമാനമാണ് സുഖോയ് -30 എംകെ1. ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടി എച്ച് എ എല്‍ ലൈസന്‍സിന് കീഴിലാണ് വിമാനം നിര്‍മ്മിച്ചിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page