പറവൂര്‍: ഓണ്‍ലൈനായി വായ്പ എടുത്തെന്നും തിരിച്ചടച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നുമുള്ള അജ്ഞാതന്റെ ഭീഷണിയില്‍ പരാതി നല്‍കി യുവതി. ചിറ്റാറ്റുകര സ്വദേശിനിയായ യുവതിയാണ് ആലുവ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. വ്യാഴാഴ്ച രാവിലെയാണ് യുവതിക്ക് വാട്‌സാപ്പിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.
വായ്പയുടെ തിരിച്ചടവ് 2,199 രൂപ ഉടന്‍ അടയ്ക്കണമെന്നാണ് അജ്ഞാത നമ്പറില്‍ നിന്നു വാട്‌സാപ്പിലേക്ക് ലഭിച്ച സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ താന്‍ വായ്പ എടുത്തിരുന്നില്ലെന്നും ഏതു വായ്പയാണെന്നും ചോദിച്ച യുവതി പണം നല്‍കില്ലെന്നു അറിയിച്ചു. ഇതോടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമം വഴി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നു പറഞ്ഞ് ഭീഷണി സന്ദേശം അയക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.
യുവതിയുടെ പരിചയക്കാരായ രണ്ടു പേരുടെ നമ്പറുകള്‍ മൊബൈലിലേക്ക് അവര്‍ അയയ്ക്കുകയും ചെയ്തു. പിന്നീട് മറ്റൊരു അജ്ഞാത നമ്പറില്‍ നിന്ന് ഫോണ്‍ കോളും വന്നു. ഇംഗ്ലീഷിലാണ് സംസാരിച്ചതെന്ന് യുവതി പറയുന്നു. തുടര്‍ന്നാണ് പരാതിയുമായി യുവതി സൈബര്‍ സെല്ലിനെ സമീപിച്ചത്. ഭീഷണിക്ക് പിന്നില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി സാധാരണക്കാരെ കുടുക്കുന്ന സംഘമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ പൊലീസ് അറിയിച്ചു.







