കൊച്ചി: അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജിലെ വിദ്യാര്‍ത്ഥിനി ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചശേഷം നിര്‍ത്താതെ പോയ വാഹന ഉടമ ഡോ. സിറിയക്കിന്റെ പിതാവ് ജോര്‍ജ് മാത്യു അറസ്റ്റില്‍. പ്രതി സിറിയക്കിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് പൊലീസ് ജോര്‍ജ് മാത്യുവിനെ അറസ്റ്റുചെയ്തത്.
കോട്ടയം അതിരമ്പുഴയിലെ വീട്ടില്‍ പൊലീസെത്തിയപ്പോള്‍ വീട് അടഞ്ഞുകിടക്കുന്ന നിലയിലായിരുന്നു.
തുടര്‍ന്ന് ജോര്‍ജിനെ അങ്കമാലി സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സിറിയക്കിന് ഒളിവില്‍പ്പോകാനുള്ള എല്ലാ സഹായവും ചെയ്തുകൊടുത്തത് ജോര്‍ജ് മാത്യു ആണെന്ന് ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സിറിയക് കോട്ടയം സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ എതിര്‍ക്കാനുള്ള റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് അറസ്റ്റ്.
ഫെബ്രുവരി 28ന് വൈകിട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. പിന്നാലെ ഒളിവില്‍പ്പോയ സിറിയക് ജോര്‍ജിന്റെ പേരില്‍ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ചാലാക്കയിലെ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് കഴിഞ്ഞ് ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോര്‍ജ് ഓടിച്ച വാഹനമാണ് പെണ്‍കുട്ടിയെ ഇടിച്ചതെന്ന് സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഇടിച്ചശേഷം ജാസ്ലിയ റോഡിലൂടെ തെറിച്ചുനീങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എടവനക്കാട് കളത്തിപ്പറമ്പില്‍ ജോണ്‍സന്റെ മകളായ ജാസ്ലിയ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായിരുന്നു. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ജസ്ലിയ, തന്റെ പഠനച്ചെലവുകള്‍ക്കായി അങ്കമാലിയിലെ ഒരു പിസ വിപണന ശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു. ജോലിയുടെ സൗകര്യാര്‍ത്ഥം കോളേജ് ഹോസ്റ്റലിലായിരുന്നു താമസം.
ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെല്‍ക് ജംഗ്ഷനില്‍വച്ച് അപകടത്തില്‍പ്പെട്ടത്. ജാസ്ലിയയുടെ മരണത്തിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഠിച്ചിരുന്ന കോളേജിലെ സഹപാഠികളും അധ്യാപകരും അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജാസ്ലിയയുടെ അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തിരുന്നു. ഇതുവഴി നാലുപേര്‍ക്ക് പുതുജീവിതം കിട്ടിയിരുന്നു.







