കൊച്ചി: അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജിലെ വിദ്യാര്‍ത്ഥിനി ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചശേഷം നിര്‍ത്താതെ പോയ വാഹനത്തിന്റെ ഉടമ ഡോ. സിറിയക് ജോര്‍ജ് പൊലീസ് പിടിയില്‍. വാഗമണ്ണിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. സംഭവം നടന്ന് ആറാം ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്തശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെയാണ് ഡോ.സിറിയക് ജോര്‍ജിന്റെ പിതാവ് ജോര്‍ജ് മാത്യുവിനെ പൊലീസ് അറസ്റ്റുചെയ്തത്. പ്രതിക്ക് ഒളിവില്‍ പോകാനുള്ള സഹായം ഒരുക്കി എന്ന കുറ്റത്തിനാണ് അറസ്റ്റ്. ചാലാക്കയിലെ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് കഴിഞ്ഞ് ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോര്‍ജ്.







