മഞ്ചേശ്വരം: സ്വര്‍ണ്ണം പോലുള്ള ആള്‍ പഞ്ചായത്തു പ്രസിഡന്റായാല്‍ പഞ്ചായത്ത് മുഴുവന്‍ സ്വര്‍ണ്ണമയമാവുമെന്നു മംഗല്‍പ്പാടി പഞ്ചായത്തു നിവാസികള്‍ പ്രതീക്ഷിക്കുന്നു.
പുതിയ പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ ബജറ്റ് സമ്മേളനത്തില്‍ മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഗോള്‍ഡന്‍ റഹ്‌മാന്‍ പഞ്ചായത്ത് ഭരണസമിതിയിലെ 24 അംഗങ്ങള്‍ക്കും പഞ്ചായത്തിലെ അഞ്ചു മുന്‍ പ്രസിഡന്റുമാര്‍ക്കും പഞ്ചായത്ത് ആസൂത്രണ സമിതിയിലെ 13 അംഗങ്ങള്‍ക്കും ആസൂത്രണ സമിതി വൈസ് ചെയര്‍മാനും പഞ്ചായത്ത് സെക്രട്ടറിക്കും താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാര്‍ക്കും സ്വര്‍ണ്ണ നാണയവും ടാബും സമ്മാനിച്ചു. ഗോള്‍ഡന്‍ റഹ്‌മാന്‍ പഞ്ചായത്ത് പ്രസിഡന്റായി തുടര്‍ന്നാല്‍ അടുത്ത ഊഴം വോട്ടര്‍മാര്‍ക്കും നാട്ടുകാര്‍ക്കുമായിരിക്കുമെന്നു അക്കൂട്ടര്‍ കാത്തിരിക്കുന്നുവെന്നു പറയുന്നു.
എന്നാല്‍ തന്റെ പ്രഥമ ബജറ്റ് സ്വര്‍ണ്ണം പോലെ അമൂല്യമാണെന്നു ബന്ധപ്പെട്ടവരെല്ലാം മനസ്സിലാക്കാനാണ് എല്ലാവര്‍ക്കും സ്വര്‍ണ്ണ സമ്മാനം നല്‍കിയതെന്നു ഗോള്‍ഡന്‍ റഹ്‌മാന്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് ഓഫീസില്‍ എത്തുന്നവരുടെ അപേക്ഷകള്‍ മെമ്പര്‍മാര്‍ ഓണ്‍ലൈനാക്കി നല്‍കാനാണ് ടാബ് നല്‍കിയതെന്നു കൂട്ടിച്ചേര്‍ത്തു. ടാബും സ്വര്‍ണ്ണനാണയവും പഞ്ചായത്ത് ഫണ്ടില്‍ നിന്നു പണമെടുത്തല്ല നല്‍കിയതെന്നും തന്റെ കീശയിലെ കാശെടുത്താണ് അവ വാങ്ങിയതെന്നും പറയുന്നുണ്ട്. അഞ്ചു ലക്ഷം രൂപക്ക് ഇത്രയും സ്വര്‍ണ്ണനാണയവും ടാബും വാങ്ങാന്‍ കഴിയുമോ എന്നു സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. സംഗതി എന്തായാലും ഇതു സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം വരുന്നുണ്ടെന്നും സൂചനയുണ്ട്.






