ഹോളി ആഘോഷത്തിനിടെ ചായമെറിഞ്ഞ നാല് വയസുകാരന് മേല്‍ തിളച്ച വെള്ളമൊഴിച്ച് മുത്തശ്ശിയുടെ ക്രൂരത; കുട്ടി ഗുരതരാവസ്ഥയില്‍

നാഗ്പൂര്‍: ഹോളി ആഘോഷത്തിനിടെ ചായമെറിഞ്ഞ നാല് വയസുകാരന് മേല്‍ തിളച്ച വെള്ളമൊഴിച്ച് മുത്തശ്ശിയുടെ ക്രൂരത. മഹാരാഷ്ട്ര നാഗ്പൂരിലെ കോരാടിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ദേഹത്ത് തിളച്ച വെള്ളം വീണതിന് പിന്നാലെ നിലവിളിച്ച് ഓടുന്ന കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ മുത്തശ്ശിക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉര്‍ന്നിട്ടുണ്ട്. അപകടത്തില്‍ 45 ശതമാനം പൊളളലേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഓം ഹരിഷ് വാംഗെ എന്ന കുട്ടിക്കാണ് പൊള്ളലേറ്റത്. വീടിന് പുറത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ മുത്തശ്ശി സിന്ധു താക്കറെയും മറ്റൊരു സ്ത്രീയും മുതിര്‍ന്ന ഒരു കുട്ടിയും മറ്റ് രണ്ട് പേരും നില്‍ക്കുന്നത് കാണാം. വീട്ടില്‍ നിന്നു നിറങ്ങള്‍ ചീറ്റിക്കുന്ന കളിപ്പാട്ടവുമായി എത്തിയ കുട്ടി മുത്തശ്ശിക്ക് നേരെ തന്റെ കളിപ്പാട്ടം നീട്ടുന്നു. മുത്തശ്ശി ഇത് പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടി നിറങ്ങള്‍ കലര്‍ത്തിയ വെള്ളം മുത്തശ്ശിക്ക് നേരെ ചീറ്റുന്നു. ഇതോടെ കുപിതയായ മുത്തശ്ശി തന്റെ കൈയിലിരുന്ന ബക്കറ്റിലുണ്ടായിരുന്ന ചൂട് വെള്ളം കുട്ടിയുടെ തലവഴി ഒഴിക്കുന്നതു സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അവിടെ ഉള്ളവരുടെ മുന്നില്‍ വച്ചായിരുന്നു കൊച്ചുമകനോടുള്ള മുത്തശ്ശിയുടെ ക്രൂരത.

പൊള്ളലേറ്റ് നിലവിളിച്ച് കൊണ്ട് പുറത്തേക്കോടിയ കുട്ടിയെ ഒരാള്‍ എടുക്കുന്നു. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ തന്റെ കയ്യിലുണ്ടായിരുന്ന ബക്കറ്റിലെ തണുത്ത വെള്ളം കുട്ടിയുടെ ദേഹത്ത് ഒഴിക്കുന്നു. പിന്നാലെ മുത്തശ്ശി വന്ന് ബക്കറ്റിലുണ്ടായിരുന്ന ബാക്കി വെള്ളവും കുട്ടിയുടെ ദേഹത്തേക്ക് ഒഴിക്കുന്നതു വീഡിയോയില്‍ കാണാം. സംഭവത്തില്‍ മുത്തശ്ശിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page