ബെംഗളൂരു: തട്ടുദോശ കഴിക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ കാല്‍ ചവിട്ടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മഞ്ജുനാഥ് നഗര്‍ സ്വദേശി ശശികുമാര്‍(31) ആണ് മരിച്ചത്. ബസവേശ്വര നഗറിലെ തിമ്മയ്യ റോഡിലെ ശ്രീ രാഘവേന്ദ്ര വെജ് ദോശ കോര്‍ണറില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഒരു സ്വകാര്യ ലോണ്‍ റിക്കവറി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ശശികുമാര്‍.
ഭാര്യ പ്രസവ ശ്രുശ്രൂഷയ്ക്കായി വീട്ടില്‍പോയതിനാല്‍ രാത്രി ഭക്ഷണം കഴിക്കാന്‍ തട്ടുകടയിലെത്തിയതായിരുന്നു ശശി കുമാര്‍. ഇതിനിടെ ദോശ കഴിക്കാനെത്തിയ മഞ്ജുനാഥ് എന്നയാളുടെ കാലില്‍ ചവിട്ടിയെന്ന് പറഞ്ഞ് ശശികുമാറുമായി തര്‍ക്കം നടന്നു. തര്‍ക്കം രൂക്ഷമായതോടെ മഞ്ജുനാഥ്, സഹോദരന്‍ ഭാഗ്യരാജിനെ ഫോണില്‍ വിളിച്ച് വരുത്തി. ഉടന്‍ തന്നെ കത്തിയുമായി കടയിലെത്തിയ ഭാഗ്യരാജ് ശശികുമാറിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു.
കഴുത്തില്‍ ആഴത്തില്‍ പരിക്കേറ്റ ശശികുമാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സഹോദരങ്ങളായ ഭാഗ്യരാജ്, മഞ്ജുനാഥ് എന്നിവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.







