കൊല്ലം: ശബരിമല ദ്വാരപാലക ശില്‍പ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പദ്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ച് കോടതി. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് വിധി. നേരത്തെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇതോടെ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന കേസിലെ എട്ടാമത്തെ പ്രതിയാണ് എ. പദ്മകുമാര്‍.
കേസിലെ ഏഴ് പ്രതികള്‍ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഒന്നാംപ്രതി ഉണ്ണി കൃഷ്ണന്‍ പോറ്റി അടക്കം അഞ്ച് പേര്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. രണ്ട് പേര്‍ക്കാണ് സാധാരണ ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍, മുന്‍ പ്രസിഡന്റും കമ്മീഷണറുമായ എന്‍ വാസു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ എന്നിവര്‍ക്ക് സ്വാഭാവിക ജാമ്യവും തന്ത്രി കണ്ഠരര് രാജീവര്, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ് ബൈജു എന്നിവര്‍ക്ക് സാധാരണ ജാമ്യവുമാണ് കോടതി അനുവദിച്ചത്.
90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയായതോടെയാണ് ദ്വാരപാലകയിലും ജാമ്യ ഹര്‍ജി നല്‍കിയത്. എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ. രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ച പത്മകുമാര്‍ ഇന്ന് ജയില്‍ മോചിതനാകും.







