തിരു: സംസ്ഥാനത്തു റോഡ് വികസനത്തിനു സര്‍ക്കാര്‍ 35000 കോടി രൂപ അഞ്ചു വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചുവെന്നു മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
ചെറുവത്തൂര്‍-കയ്യൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന രാമന്‍ചിറ പാലം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തു ദീര്‍ഘകാല അടിസ്ഥാന സൗകര്യ വികസനത്തില്‍ കിഫ്ബി പദ്ധതികള്‍ നിര്‍ണ്ണായക പങ്കു വഹിച്ചെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന മരാമത്ത് കിഫ്ബി വഴി 528 പദ്ധതികള്‍ക്കു 461.45 കോടി രൂപയുടെ പദ്ധതികള്‍ ഏറ്റെടുത്തു. 2016ല്‍ 10 കോടി രൂപ വകയിരുത്തിയ രാമന്‍ ചിറപ്പാലത്തിന്റെ പണി 2026ല്‍ 16.25 കോടി രൂപ കൊണ്ടു പണിഞ്ഞു തീര്‍ത്തു. 274.15 മീറ്റര്‍ നീളമുള്ള പാലത്തിനു 7.5 മീറ്റര്‍ വീതിയുണ്ട്. ഇതിനു പുറമെ 1.5 മീറ്റര്‍ നടപ്പാതയുമുണ്ട്. 400 മീറ്റര്‍ സമീപറോഡും നിര്‍മ്മിച്ചു. എം രാജഗോപാലന്‍ എംഎല്‍എ ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി.എം മീനാകുമാരി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി. നാരായണന്‍, എംപി.വി ജാനകി, ബ്ലോക്ക് അംഗം കെ.രാജു, പഞ്ചായത്ത് അംഗങ്ങളായ രജിത, ശശിധരന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി. ജനാര്‍ദ്ദനന്‍, കെ.വി സുധാകരന്‍, സിവി വിജയരാജ്, പി.സി അബ്ദുല്‍ റഹ്‌മാന്‍, സി.ജി കടുക്കയം, മമ്മുകോട്ടപ്പുറം പ്രസംഗിച്ചു.







