റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പരിക്ക് സ്ഥിരീകരിച്ച് ക്ലബ് അധികൃതര്‍. സൗദി പ്രോ ലീഗില്‍ അല്‍ ഫയ്ഹക്കെതിരായ മത്സരത്തിലാണ് അല്‍നസര്‍ താരമായ റൊണാള്‍ഡോയ്ക്ക് തുടയ്ക്ക് പരിക്കേറ്റത്. ലോകകപ്പ് അടുത്തിരിക്കെ ക്രിസ്റ്റ്യാനോയുടെ പരിക്ക് പോര്‍ച്ചുഗീസ് ക്യാംപില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
നാലാഴ്ചയോളം താരത്തിന് പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച അല്‍-ഫൈഹയ്ക്കെതിരായ മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ആണ് അല്‍ നസറിന്റെ താരം വേദന മൂലം കളം വിട്ടത്. ആദ്യഘട്ടത്തില്‍ പരിശീലകന്‍ ജോര്‍ജ് ജീസസ് ‘മസില്‍ ഫാറ്റീഗ്’ ആണെന്നാണ് പറഞ്ഞിരുന്നത്. പിന്നീടാണ് തുടയ്ക്ക് പരിക്കേറ്റെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിലവില്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ് താരം. 41ാം വയസ്സില്‍ ആറാം ലോകകപ്പില്‍ കളിക്കുന്ന ആദ്യ താരമാകാനുള്ള തയാറെടുപ്പിലായിരുന്നു റൊണാള്‍ഡോ. അതിനിടെയാണ് പരിക്ക് വില്ലനാകുന്നത്. പരിക്ക് ദീര്‍ഘകാലത്തേക്ക് നീണ്ടാല്‍, അത് സ്വപ്നമായി അവശേഷിച്ചേക്കാം .ലോകകപ്പിന് ഇനിയും മൂന്ന് മാസം ഉണ്ടെന്നിരിക്കെ പരിക്ക് ഭേദമാകുമെന്ന ആശ്വാസത്തിലാണ് താരവും ക്ലബും.
അതിനിടെ ഇറാന്‍-ഇസ്രയേല്‍-യുഎസ് സംഘര്‍ഷം പശ്ചിമേഷ്യയിലേക്കും വ്യാപിച്ചതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഗള്‍ഫ് മാധ്യമങ്ങളും സ്പാനിഷ് മാധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ, തന്റെ 750 കോടിയുടെ ആഡംബര സ്വകാര്യ ജെറ്റില്‍ റൊണാള്‍ഡോ കുടുംബത്തോടൊപ്പം രാജ്യം വിട്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രാദേശിക മാധ്യമങ്ങള്‍ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് രംഗത്തെത്തി.







