ടെല്‍ അവീവ്: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനിടെ കുവൈത്തിലെ ജനവാസ മേഖലയില്‍ ഷെല്‍ ചില്ലുകള്‍ തറച്ച് 11 കാരിക്ക് ദാരുണാന്ത്യം. പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍സന്ദ് ആണ് ഇക്കാര്യം അറിയിച്ചത്. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മരണത്തിന് കീഴടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂം തുറന്നു. രാവിലെ ഒമ്പതുമണി മുതല്‍ രാത്രി ഒമ്പതുമണി വരെയാണ് പ്രവര്‍ത്തനം.
അതിനിടെ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനേയിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മൊജ്താബ ഖമനേയിയെ തിരഞ്ഞെടുത്തതായി ചില ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുംവരെ മൂന്നംഗ സമിതിക്കാണ് ഭരണത്തിന്റെ ചുമതല. മതപണ്ഡിതന്‍ ആയത്തുല്ല അലി റിസാ അറാഫിയെ മൂന്നംഗ പരമോന്നത സമിതിയിലേക്ക് ഇറാന്‍ നിയോഗിച്ചിരുന്നു. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, നീതിന്യായ പണ്ഡിതന്‍ ഗുലാം ഹുസൈന്‍ മുഹ്‌സനി ഇസെയ് എന്നിവരാണ് മറ്റംഗങ്ങള്‍.







