പൂജാരിയുടെ വീട്ടിലെ നിത്യ സന്ദര്‍ശക; കണ്ണുതെറ്റിയപ്പോള്‍ വീട്ടില്‍ നിന്ന് അടിച്ചുമാറ്റിയത് 12 പവന്‍ ആഭരണങ്ങള്‍; 26 കാരി പിടിയില്‍

തൃശൂര്‍: പൂജാരിയുടെ വീട്ടില്‍ നിന്ന് 12 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ 26 കാരി പിടിയില്‍. കൊടകര പാറേക്കാട്ടുകര മണ്ണാംപറമ്പില്‍ വീട്ടില്‍ സൂര്യയാണ് പിടിയിലായത്. മൂലംകുടും സ്വദേശിയായ പൂജാരി അജേഷിന്റെ വീട്ടില്‍ ഫെബ്രുവരി 16 നാണ് മോഷണം നടന്നത്.

സൂര്യ അജേഷിന്റെ വീട്ടില്‍ പതിവായി പോകുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രശ്നപരിഹാരത്തിനായുള്ള പൂജകള്‍ നടത്താനായിരുന്നു സന്ദര്‍ശനം എന്നുപറയുന്നു. മോഷണം നടന്ന ദിവസം പൂജാരി അടുക്കളയിലേക്ക് പോയ സമയത്ത് സൂര്യ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇക്കാര്യം പൂജാരി അറിഞ്ഞിരുന്നില്ല.

മോഷ്ടിച്ച ആഭരണങ്ങള്‍ കൊടകരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വിറ്റ സൂര്യ ആ പണം ഉപയോഗിച്ച് പുതിയ സ്വര്‍ണാഭരണങ്ങളും ഗൃഹോപകരണങ്ങളും വാങ്ങി. ബാക്കി വന്ന പണം ഉപയോഗിച്ച്
പണയത്തിലിരുന്ന സ്വന്തം ആഭരണങ്ങള്‍ തിരിച്ചെടുക്കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷമാണ് ആഭരണങ്ങള്‍ കാണാതായ വിവരം പൂജാരി അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൂര്യ പിടിയിലാകുന്നത്. പിടിയിലായ സമയത്ത് മോഷ്ടിച്ചതില്‍ ചില ആഭരണങ്ങള്‍ സൂര്യ ധരിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിന്റെ ആദ്യഘട്ടത്തില്‍ തെളിവുകള്‍ ലഭിക്കാതിരുന്നതിനാല്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

കൊടകര പൊലീസ് ഇന്‍സ്പെക്ടര്‍ ജെര്‍ലിന്‍ വി സ്‌കറിയ, എസ്. ഐ കൃഷ്ണപ്രസാദ്, ഇ.എ സുരേഷ്, എ എസ്.ഐ ഷീബാ അശോകന്‍, ഷൈജി കെ ആന്റണി, ആഷ്ലിന്‍ ജോണ്‍, കെ ജെ ഡെനിന്‍, എംഎം അഭിലാഷ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page