തിരുവനന്തപുരം: പശ്ചിമേഷ്യയിലെ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വച്ചതായി മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
മാര്‍ച്ച് അഞ്ചിലെ(വ്യാഴാഴ്ച)എസ് എസ് എല്‍ സി പരീക്ഷയും 5,6,7 തിയതികളിലെ പ്ലസ് ടു പരീക്ഷകളുമാണ് സംസ്ഥാന സര്‍ക്കാര്‍ മാറ്റിയത്. ഗള്‍ഫില്‍ പ്രത്യേക ചോദ്യ പേപ്പര്‍ വച്ച് പരീക്ഷ നടത്താനാണ് തീരുമാനം എന്നറിയുന്നു. കേരളത്തില്‍ പരീക്ഷയ്ക്ക് മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി തുടര്‍ന്ന് പറഞ്ഞു.
അതേസമയം സി ബി എസ് ഇ പരീക്ഷകളും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.
മാര്‍ച്ച് രണ്ട്, തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോര്‍ഡ് പരീക്ഷകളാണ് മാറ്റിവെച്ചത്. ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ഇറാന്‍ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ക്കാണ് ഈ നിര്‍ദേശം ബാധകമാകുക.







