പ്രതീക്ഷിച്ചത് കയറ്റം; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം കടുക്കുമ്പോള്‍ ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സ്വര്‍ണവിലയില്‍ ഇറക്കം

കൊച്ചി: പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം കടുക്കുമ്പോള്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന ഉണ്ടാകുമെന്ന വ്യാപാര മേഖലയുടെ കണക്കുകൂട്ടല്‍ പാളി. ആഗോള വിപണിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയും കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,24,520 രൂപയായി താഴ്ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 15,565 രൂപയാണ് വില.

സാധാരണ യുദ്ധസാഹചര്യങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ് പതിവ്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പും ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളുമാണ് സ്വര്‍ണവില ഇടിയാന്‍ കാരണമായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വില കുറഞ്ഞ സാഹചര്യത്തില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്താന്‍ സാധ്യതയുണ്ട്. അതേസമയം, ആഗോള മാര്‍ക്കറ്റില്‍ സ്വര്‍ണവില വര്‍ധിച്ചു.

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 400 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 1,26,920 രൂപയിലെത്തിയിരുന്നു. 24 മണിക്കൂറിനിടെ ഒരു ഗ്രാം സ്വര്‍ണത്തിന് കൂടിയത് 1015 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 24 മണിക്കൂറിനിടെ 8120 രൂപ വര്‍ധിച്ചിരുന്നു. സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 315 രൂപയും കിലോഗ്രാമിന് 3,15,000 രൂപയുമാണ് ഇന്നത്തെ വില.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page