തിരുവനന്തപുരം: സിനിമാ സ്‌റ്റൈലില്‍ ആള്‍ട്ടോ കാര്‍ പൊലീസ് ജീപ്പിന് കുറുകെയിട്ട് ഉദ്യോഗസ്ഥര്‍ക്ക് നേരെ തെറിവിളിയും അസഭ്യം പറച്ചിലും നടത്തിയ സംഭവത്തില്‍ ഒമ്പത് ഡി.വൈ.എഫ്.ഐ -സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. തിരുവനന്തപുരം നഗരൂര്‍ ജംഗ്ഷന് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
വിഷ്ണു, ഫൈസല്‍, രതീഷ്, തിരിച്ചറിയാന്‍ കഴിയുന്ന മറ്റ് ആറുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വിഷ്ണു, രതീഷ് എന്നിവരെയാണ് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡും, ആറ്റിങ്ങല്‍ സിഐയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്. ഇവര്‍ നിലവില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ഓഫീസിലാണുള്ളത്.
കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ച കേസില്‍ പ്രതികളായവര്‍ക്ക് നോട്ടീസ് നല്‍കി മടങ്ങിയ പൊലീസ് ജീപ്പിനെ ആള്‍ട്ടോ കാറിലെത്തിയ സംഘം ഓവര്‍ടേക്ക് ചെയ്ത് തടഞ്ഞുനിര്‍ത്തുകയായിരുന്നു എന്ന് പറയുന്നു. കാറില്‍ നിന്നിറങ്ങിയ സംഘം എസ്.എച്ച്.ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. പ്രകോപിതരായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്നതും മുതിര്‍ന്ന പ്രവര്‍ത്തകര്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പൊലീസ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അതിക്രമം കാട്ടിയെന്നാണ് സംഘത്തിന്റെ ആരോപണം. പൊലീസുകാര്‍ മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്നും എസ്.എച്ച്.ഒ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും പ്രവര്‍ത്തകര്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ എടുക്കുമെന്ന് പൊലീസും പറയുന്നു.







