കോട്ടയം: പടക്ക കടയ്ക്ക് ലൈസന്‍സ് നല്‍കാന്‍ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ മുന്‍ എറണാകുളം ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് ബി രാമചന്ദ്രനെ ഏഴ് വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. വിജിലന്‍സ് കോടതി ജഡ്ജി കെവി രജനീഷ് ആണ് വിധി പ്രസ്താവിച്ചത്. ശിക്ഷ ഒരുമിച്ച് നാലുവര്‍ഷം അനുഭവിച്ചാല്‍ മതി. വിധി കേട്ട് കോടതിമുറിയില്‍ കുഴഞ്ഞുവീണ രാമചന്ദ്രനെ കോടതി ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു.
2015 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം മുന്‍ എഡിഎമ്മാണ് ചോറ്റാനിക്കര ഹരിശ്രീയില്‍ ബി രാമചന്ദ്രന്‍. തൃപ്പൂണിത്തുറയിലെ പടക്ക ഗോഡൗണില്‍ 5000 കിലോഗ്രാം പടക്കനിര്‍മാണ സാമഗ്രികള്‍ ശേഖരിക്കാനുള്ള എക്സ്പ്ലോസീവ് ലൈസന്‍സിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ എറണാകുളം വിജിലന്‍സ് എസ്പിയായിരുന്ന തോംസണ്‍ ജോസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കെകെ ശ്രീകാന്ത് കോടതിയില്‍ ഹാജരായി.







