കാസര്‍കോട്: കുറ്റകൃത്യങ്ങള്‍ തടയുന്നതിനു ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ റെയ്ഡില്‍ നിരവധി പിടികിട്ടാപ്പുള്ളികളും വാറന്റ് പ്രതികളും കുട്ടി ഡ്രൈവര്‍മാരും കുടുങ്ങി. മഞ്ചേശ്വരത്ത് ഒരു ഡസനില്‍ അധികം വാറന്റ് പ്രതികളാണ് പിടിയിലായത്. ഇവരില്‍ നരഹത്യാശ്രമ കേസില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ഉപ്പള, പ്രതാപ് നഗറിലെ മുഹമ്മദ് ആഷിഖിനെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. ബദിയഡുക്കയില്‍ 15 വാറന്റ് പ്രതികള്‍ പിടിയിലായി. ഒരു പിടികിട്ടാപ്പുള്ളിയും പിടിയിലായിട്ടുണ്ട്. കുമ്പള പൊലീസ് സ്റ്റേഷനില്‍ പത്തു വാറന്റു പ്രതികളും ഒരു പിടികിട്ടാപ്പുള്ളിയും പൊലീസിന്റെ പിടിയിലായി.
കാസര്‍കോട് ടൗണില്‍ പത്തോളം വാറന്റു പ്രതികള്‍ പിടിയിലായി. ലൈസന്‍സ് ഇല്ലാതെയും പ്രായപൂര്‍ത്തിയാകാതെയും വാഹനം ഓടിച്ച നാലു പേര്‍ക്കെതിരെ കേസെടുത്തു.
ബേക്കല്‍, മേല്‍പ്പറമ്പ്, പൊലീസ് സ്റ്റേഷനുകളിലും നിരവധി വാറന്റ് പ്രതികള്‍ പിടിയിലായി. മറ്റു പൊലീസ് സ്റ്റേഷനുകളിലെ കണക്കുകള്‍ ലഭ്യമായി വരുന്നതേയുള്ളൂ.







