കാസർകോട് : റംസാൻ കാലത്ത് പൊതുവേ വിദേശ പഴങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.എന്നാൽ നാടൻ പഴങ്ങൾ വിപണിയിൽ എത്തുമ്പോൾ വില കൂടും.അതും പതിവാണ്.
മാമ്പഴക്കാലം വിപണിയിൽ വരുന്നതേ ഉള്ളുവെങ്കിലും ഹൈദരാബാദിൽ നിന്ന് വരുന്ന മാമ്പഴങ്ങൾക്ക് ഇപ്പോൾ വലിയ വിലയാണ് വിപണിയിലുള്ളത്. കിലോക്കു 300 രൂപ. അതേസമയം നാടൻ മാമ്പഴത്തിന് തുടക്കം തന്നെ 180 രൂപയാണ് വില.റംസാൻ പകുതിയാകുമ്പോഴേക്കും കൂടുതൽ മാമ്പഴങ്ങൾ എത്തുമെന്നും,വില കുറയുമെന്നും ചെറുകിട കച്ചവടക്കാർ പറയുന്നു. അതേസമയം മാമ്പഴത്തിന് പുള്ളി കുത്ത് ഉണ്ടാകാതിരിക്കാൻ ഉയർന്ന വില ഈടാക്കുന്ന മാമ്പഴങ്ങൾക്ക് മരുന്നടിക്കുന്നുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമല്ലെന്ന് മൊത്തകച്ചവടക്കാർ പറയുന്നു.ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ച പദാർത്ഥങ്ങളാണ് ഇത്തരം വിലകൂടിയ മാമ്പഴങ്ങൾക്ക് ഉപയോഗിക്കുന്നത് എന്നാണ് പറയുന്നത് .
റംസാൻ വിപണിയിൽ തുടക്കത്തിൽ തന്നെ ആപ്പിളിനാണ് വില കൂടുതൽ.200 മുതൽ 300 രൂപ വരെയാണ് വില. തുർക്കി,ഇറാൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന ആപ്പിളുകൾക്കാണ് വില കൂടുതൽ.വിദേശ പഴങ്ങളിൽ പ്ലമ്മും,ലിച്ചിയും, ഡ്രാഗൺ ഫ്രൂട്ടും, സ്റ്റോബറി,കിവി, അവക്കാഡോ,ഗ്ലോബ് മുന്തിരി,ഷമാം എന്നിവയും ആപ്പിളിനൊ പ്പം വിപണിയിൽ തിളങ്ങി നിൽക്കുന്നു. ഇവയ്ക്കൊക്കെ തുടക്കത്തിൽ 300 രൂപ മുതൽ 400 രൂപ വരെയാണ് വില ഈടാക്കുന്നത്.
ഈ പ്രാവശ്യം റംസാൻ വന്നെത്തിയത് ചൂട് കാലമായതിനാൽ പഴവർഗങ്ങൾക്ക് ഡിമാൻഡ് ഉള്ളതുകൊണ്ടുതന്നെ ഇനിയും വില കൂടാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു. അതേസമയം തണ്ണിമത്തൻ,പച്ച മുന്തിരി,ഓറഞ്ച്, കൈതച്ചക്ക,പപ്പായ തുടങ്ങിയ നാടൻ പഴങ്ങൾക്ക് റംസാൻ വിപണിയിൽ ആവശ്യക്കാർ കുറവാണെന്നും കച്ചവടക്കാർ പറയുന്നുണ്ട്.






