കാസര്‍കോട്: യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അപകീര്‍ത്തിപ്പെടുത്തിയതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോടോംബേളൂര്‍ പഞ്ചായത്തില്‍ താമസിക്കുന്ന യുവതിയാണ് പരാതിക്കാരി.
താന്‍ അറിയാതെ തന്റെ ഫോട്ടോകള്‍ എവിടെ നിന്നോ കൈക്കലാക്കി തന്റെ പേരില്‍ മറ്റാരോ അക്കൗണ്ട് തുറക്കുകയായിരുന്നുവെന്നു യുവതി പരാതിയില്‍ പറഞ്ഞു. ഇക്കാര്യം യുവതി ആദ്യം അറിഞ്ഞിരുന്നില്ലത്രേ. മറ്റുള്ളവര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സംഭവം അറിഞ്ഞതെന്നു പറയുന്നു. തുടര്‍ന്നാണ് കാസര്‍കോട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.






