കൊച്ചി: ക്രിസ്മസ്- പുതുവത്സര ലോട്ടറിയുടെ 20 കോടിയുടെ ഒന്നാം സമ്മാനത്തിനായി കോടതിയില്‍ പൊരിഞ്ഞ പോര്. ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് പറഞ്ഞ് ഒരാള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മറ്റൊരാള്‍ ടിക്കറ്റ് ഹാജരാക്കിയതാണ് സംഭവം കോടതിയിലെത്താന്‍ ഇടയാക്കിയത്. ക്രിസ്മസ്- പുതുവത്സര ലോട്ടറിയുടെ 20 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് കാട്ടി പിറവം പാഴൂര്‍ സ്വദേശിയായ റിട്ട. എ.എസ്.ഐ കെ കെ സജിമോന്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. താന്‍ എടുത്ത XC 138455 നമ്പര്‍ ടിക്കറ്റ് നഷ്ടമായെന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്.
ശബരിമല ദര്‍ശനത്തിന് തന്റെ വാഹനം വിളിച്ചെത്തിയ വിശാഖപട്ടണം സ്വദേശികള്‍ വണ്ടിയില്‍ ഒരു നെയ്പാത്രം മറന്നുവെച്ചിരുന്നു. താന്‍ എടുത്ത ഭാഗ്യക്കുറി ടിക്കറ്റ് ഈ നെയ്പാത്രത്തിന് അടിയിലായിരുന്നു വെച്ചിരുന്നത്. പിന്നീട് ഈ പാത്രം കൊറിയര്‍ വഴി വിശാഖപട്ടണത്തേക്ക് അയച്ചുകൊടുത്തപ്പോള്‍ അറിയാതെ ടിക്കറ്റും അതിനൊപ്പം പോയി എന്നാണ് സജിമോന്‍ പറയുന്നത്. മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടില്‍ പോയ സമയത്ത് കാഞ്ഞിരപ്പള്ളിയില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്നും ടിക്കറ്റിന് പിന്നില്‍ തന്റെ വിലാസം എഴുതി ഒപ്പിട്ടിരുന്നു എന്നും സജിമോന്‍ പറയുന്നു.
സജിമോന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. കൊറിയര്‍ സ്ഥാപനത്തിലും പരിശോധന നടത്തി. എന്നാല്‍ സജിമോന്റെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റുമായി മറ്റൊരു മലയാളി ലോട്ടറി വകുപ്പിനെ സമീപിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. ടിക്കറ്റ് ഹാജരാക്കിയ വ്യക്തിക്ക് ലോട്ടറി വകുപ്പ് ഇതുവരെ പണം കൈമാറിയിട്ടില്ല. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍, കോടതി നിര്‍ദേശപ്രകാരം മാത്രമേ സമ്മാനത്തുക നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ.







