ഷാര്‍ജ: ഷാര്‍ജയില്‍ കാറിടിച്ച് രണ്ട് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍, കാറോടിച്ച മലയാളിക്ക് കുട്ടിയുടെ മലയാളികളായ മാതാപിതാക്കള്‍ മാപ്പ് നല്‍കി. മലപ്പുറം സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്‌നയുമാണ് അപകടം വരുത്തിയ ആള്‍ക്കെതിരെ പരാതിയില്ലെന്ന് രേഖാമൂലം അധികൃതരെ അറിയിച്ചത്. എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച ഏകമകന്‍ അലന്‍ റൂമിയാണ് അപകടത്തില്‍ മരിച്ചത്. ദുരന്തം മനഃപൂര്‍വ്വം സംഭവിച്ചതല്ലെന്നും സ്വന്തം കുഞ്ഞിന്റെ വേര്‍പാടിന് പിന്നാലെ മറ്റൊരു കുടുംബം കൂടി ദുരിതത്തിലാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദമ്പതികള്‍ പറഞ്ഞു. ഈ മാസം 12 നാണ് താമസസ്ഥലത്തിന് സമീപം വെച്ച് അലന്‍ അപകടത്തില്‍പ്പെട്ടത്. അമ്മയ്‌ക്കൊപ്പം പുറത്തിറങ്ങിയ കുഞ്ഞിനെ പാര്‍ക്കിങ്ങില്‍ നിന്നു പുറത്തേക്കെടുത്ത കാര്‍ ഇടിക്കുകയായിരുന്നു. തലാല്‍ ഗ്രൂപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ഷറഫുദ്ദീനെ കാണാന്‍ കഴിഞ്ഞ മാസം 18നാണ് അലനും അമ്മയും ഷാര്‍ജയില്‍ എത്തിയത്.







