ജയിലിൽ കിടക്കാനുള്ള കൊതി മൂത്ത് കളക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം അയച്ചു; പോലീസ് പിടിച്ചെങ്കിലും ജയിലിൽ അടുപ്പിക്കാതെ ജാമ്യത്തിൽ വിട്ടു; നിരാശനായി 44 കാരൻ

കൊല്ലം : ജയിലിൽ കിടക്കണമെന്ന ആശ സാധിച്ചെടുക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലാതെ വന്നതിനെത്തുടർന്നു അവസാന കൈക്കു കൊല്ലം പോലീസ് കൺട്രോൾ റൂമിൽ വിളിച്ചു കളക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ച 44കാരനെ പോലീസ് സമർത്ഥമായി പിടിച്ചു. ജയിലിലേക്കുള്ള വഴി എളുപ്പത്തിൽ ഉറപ്പാക്കാൻ 50 മിനുട്ടിനുള്ളിൽ തന്നെ പിടിച്ചില്ലെങ്കിൽ ബോംബ് പൊട്ടും എന്നും ഭീഷങ്ങി ഉയർത്തി. വ്യാഴാഴ്ച ഇയാൾ നടത്തിയ ഭീഷണിയെത്തുടർന്നു പോലീസും ബോംബ് സ്കോഡും ഡോഗ് സ്കോഡും കളക്ടറേറ്റിൽ എത്തി മുക്കും മൂലയും പരിശോധിച്ചു വെങ്കിലും ബോംബിന്റെ പൊടിപോലും കാണാതെ അവർ മടങ്ങി. പിന്നീട് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ വിളിച്ചത് മയ്യനാട് മുക്കം വലിയഴികം വീട്ടിൽ പ്രമോദ് എന്ന 44കാരനാണെന്ന് തിരിച്ചറിഞ്ഞു. മയ്യനാട് അധികാരപരിധിയിൽ വരുന്ന ഇരവിപുരം പോലീസിനേയും കൂട്ടി കൺട്രോൾ റൂം പോലീസ് ഉടൻപ്രമോദിന്റെ വീട്ടിലേക്കു കുതിച്ചു. പ്രമോദ് പോലീസിനെ കാത്തിരുന്നതുപോലെയായിരുന്നു. പോലീസ് വീട്ടിലെത്തിയപ്പോൾ തന്നെ പ്രമോദ് എഴുനേറ്റ് പോലീസിനെ സമീപിച്ചു. എന്നിട്ടു എങ്കിൽ നമുക്ക് പോകാം എന്ന് പൊലീസിനോടു പറഞ്ഞു. പ്രമോദിന്റെ സംസാരം കേട്ട് പോലീസ് അമ്പരന്നു. എവിടേക്കാണ് പോകേണ്ടത് എന്ന് ചോദിച്ചപ്പോൾ ഒരു പേടിയും ഇല്ലാതെ ജയിലിലേക്ക് എന്നായിരുന്നു പ്രമോദിൻ്റെ മറുപടി . എന്തിനാണെന്ന പോലീസിന്റെ ചോദ്യത്തിന് താനാണ് കളക്ടറേറ്റിൽ ബോംബ് വച്ചതെന്ന് ഭീഷണിപ്പെടുത്തി ഫോൺ ചെയ്തതെന്ന് ശുദ്ധാത്മാവായ പ്രമോദ് പോലീസിനെ അറിയിച്ചു. അതിനുശേഷം അല്പം ദുഃഖത്തോടെ വീടും പരിസരവും ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രമോദ് പോലീസിനോട് ഇങ്ങനെ കൂടി പറഞ്ഞു : എൻറെ വീട് കണ്ടില്ലേ ?ഒന്നിനും ഒരു സൗകര്യവുമില്ല. ജയിലിലാവുമ്പോൾ അല്ലലൊന്നുമില്ലാതെ സുഖമായി കഴിയാമല്ലോ എന്ന് ആശിച്ചുപോയി. എത്രകാലം കൊണ്ട് ജയിലിൽ കിടക്കണമെന്ന് കൊതിക്കുന്നു. കൊതിച്ചു കൊതിച്ചു നടക്കുന്നു. എന്നിട്ട് അതിനുള്ള ഭാഗ്യം ഉണ്ടായില്ല . ആരും അതിനു സഹായിച്ചതും ഇല്ല. പ്രമോദിന് മാനസിക പ്രശ്നം ഉണ്ടെന്നും പതിവായി മദ്യലഹരിയിൽ ആണെന്നും വീട്ടുകാർ പോലീസിനെ അറിയിച്ചു. മദ്യപിച്ച് സ്ഥിരം പ്രശ്നം ഉണ്ടാക്കുന്ന ആളാണ് പ്രമോദെന്നു പോലീസും സ്ഥിരീകരിച്ചു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. കൊല്ലം കളകുറേറ്റിൽ മുമ്പ് ബോംബ് സ്ഫോടനം ഉണ്ടായിരുന്നു. പിന്നീട് ബോംബ് ഭീഷണിയും ഉണ്ടായിട്ടുള്ളതിനാൽ ചെറിയൊരു ഭീഷണി പോലും പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page