12ാം ക്ലാസ് പരീക്ഷ എഴുതാന്‍ 21 കാരി സ്‌കൂളിലെത്തിയത് 10 ദിവസം പ്രായമുള്ള കുഞ്ഞുമായി

മുംബൈ: 12ാം ക്ലാസ് പരീക്ഷ എഴുതാന്‍ 21 കാരി സ്‌കൂളിലെത്തിയത് 10 ദിവസം പ്രായമുള്ള കുഞ്ഞുമായി. മഹാരാഷ്ട്രയിലെ നന്ദേഡില്‍ നിന്നുള്ള ശീതള്‍ ചന്ദ്രകാന്ത് ചിറ്റെയാണ് വാര്‍ത്തകളില്‍ നിറയുന്നത്.
ഫെബ്രുവരി 10 നാണ് മഹാരാഷ്ട്രയില്‍ 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ആരംഭിച്ചത്. ബസവേശ്വര്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് ശീതള്‍ ചന്ദ്രകാന്ത് ചിറ്റെ. ഫെബ്രുവരി 18 ബുധനാഴ്ച നടന്ന പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയ്ക്കാണ് കുഞ്ഞുമായി പെണ്‍കുട്ടി എത്തിയത്.

നന്ദേഡിലെ പീപ്പിള്‍സ് കോളേജിലായിരുന്നു പരീക്ഷാകേന്ദ്രം. പെണ്‍കുട്ടി കുഞ്ഞുമായി എത്തുന്നതറിഞ്ഞ് കോളേജ് അധികൃതര്‍, പരീക്ഷാ കേന്ദ്രത്തില്‍ അവര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പരീക്ഷാ സമയത്ത് കുഞ്ഞിനെ പരിചരിക്കാനും അമ്മയ്ക്ക് സമാധാനമായി പരീക്ഷ എഴുതാനും ആവശ്യമായ ക്രമീകരണങ്ങളും ചെയ്തുകൊടുത്തു. പരീക്ഷാ ഹാളില്‍ കുഞ്ഞിനെ കിടത്താന്‍ ഒരു തൊട്ടിലും അമ്മയ്ക്കായി ‘മാതൃസ്‌നേഹ കക്ഷ’ എന്ന പേരില്‍ പ്രത്യേക മുറിയും സജ്ജീകരിച്ചു.

പ്രസവം കഴിഞ്ഞ് വെറും രണ്ട് ദിവസത്തിന് ശേഷം, ഫെബ്രുവരി 10ന് നടന്ന ഇംഗ്ലീഷ് പരീക്ഷയ്ക്കും ശീതള്‍ കുഞ്ഞുമായി എത്തിയിരുന്നു. അന്ന് സഹോദരിയായിരുന്നു കുഞ്ഞിനെ നോക്കാന്‍ ഒപ്പമുണ്ടായിരുന്നത്. ഭര്‍ത്താവ് പകല്‍ സമയത്ത് ജോലിക്ക് പോകുന്നതിനാലും വീട്ടില്‍ മറ്റാരും ഇല്ലാത്തതിനാലും കുഞ്ഞിനെ തനിച്ചാക്കി വരാന്‍ ശീതളിന് കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുഞ്ഞുമായി അവര്‍ പരീക്ഷാ ഹാളിലെത്തിയത്. കുഞ്ഞിനെ മാറോട് ചേര്‍ത്ത് പരീക്ഷ എഴുതുന്ന ശീതളിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

രണ്ട് വര്‍ഷം മുമ്പാണ് ശീതള്‍ വിവാഹിതയായത്. 12ാം ക്ലാസ് പരീക്ഷ തന്റെ ഭാവിക്ക് നിര്‍ണായകമായതിനാലാണ് പരീക്ഷ എഴുതാന്‍ തീരുമാനിച്ചതെന്നും പഠനം തുടരാനുള്ള തന്റെ തീരുമാനത്തെ കുടുംബം പിന്തുണച്ചുവെന്നും ശീതള്‍ പറഞ്ഞു.

പരീക്ഷാ സമയത്ത് വിദ്യാര്‍ത്ഥിക്ക് പ്രത്യേക സൗകര്യം ഒരുക്കിയ കോളേജ് അധികൃതരെ നന്ദേഡ് വിദ്യാഭ്യാസ ഓഫീസര്‍ മാധവ് സല്‍ഗര്‍ അഭിനന്ദിച്ചു. ഇനി മുതല്‍, അത്തരം വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരീക്ഷാ കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്ന് മഹാരാഷ്ട്ര ബോര്‍ഡിന്റെ ലാത്തൂര്‍ ഡിവിഷണല്‍ പ്രസിഡന്റ് സുധാകര്‍ തെലാങ് അവകാശപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page