ഭുവനേശ്വര്‍: കരടിയുടെ ആക്രമണത്തില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിച്ച യുവതിയുടെ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലുള്ള കരഞ്ചിയയിലെ മിലു ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. മാല്‍ഡെ സോറനും ലിലി സോറനുമാണ് വാര്‍ത്തകളില്‍ നിറയുന്നത്. കാടിനോട് ചേര്‍ന്ന പ്രദേശത്ത് ഇലകള്‍ ശേഖരിക്കുകയായിരുന്നു ദമ്പതികള്‍. ഇതിനിടെ ഇവര്‍ കരടികളുടെ മുന്നില്‍പ്പെടുകയായിരുന്നുവെന്ന് കരഞ്ചിയ ഫോറസ്റ്റ് റേഞ്ചര്‍ പ്രശാന്ത് കുമാര്‍ സ്വയിന്‍ പറഞ്ഞു. ആറു കരടികളായിരുന്നു ഉണ്ടായിരുന്നത്. ഇതിലൊന്ന് പ്രകോപനമില്ലാതെ മാല്‍ഡെയെ ആക്രമിക്കുകയായിരുന്നു.
അക്രമത്തില്‍ ഭര്‍ത്താവിന് ഗുരുതരമായി പരുക്കേറ്റതോടെ ലിലി ധൈര്യം സംഭരിച്ച് കയ്യില്‍ കിട്ടിയ ആയുധം കൊണ്ട് കരടിയെ നേരിട്ടു. ആക്രമണത്തില്‍ പരിക്കേറ്റ കരടി കാട്ടിലേക്ക് ഓടിമറഞ്ഞു. തലയോട്ടിയിലെ മുറിവുകള്‍ ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റ മാല്‍ഡെയെ പ്രാദേശിക അടിയന്തര സേവന വിഭാഗം സ്ഥലത്തെത്തിയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. പ്രദേശത്ത് കഴിഞ്ഞ കുറേദിവസങ്ങളായി കാട്ടുമൃഗങ്ങളുടെ ആക്രമണം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.







