തിരുവനന്തപുരം: 18 വയസ് ആവാത്ത വർക്ക് ഇനി വാഹനങ്ങൾ ഓടിക്കാൻ കൊടുക്കരുത്. വാഹനം കൊടുക്കുകയും അവരെ നിയമലംഘനത്തിന് പിടികൂടുകയും ചെയ്താൽ ആർസി ഉടമകൾക്ക് പരമാവധി 25000 രൂപ പിഴ അടച്ചു ഇനി തടി തപ്പാമെന്നു കരുതേണ്ട . അത്തരക്കാർ ഇനി മുതൽ ആറുമാസം തടവുകൂടി അനുഭവിക്കേണ്ടിവരും. മാത്രമല്ല, പ്രായപൂർത്തി ആയില്ലെന്ന ആനുകൂല്യം ഇതു വരെ ലഭിച്ചിരുന്ന കുട്ടി വാഹന ഓട്ടക്കാർക്ക് ഇനിമുതൽ ജൂവനയിൽ ഹോമിൽ ആറുമാസം കഴിയേണ്ടി വരികയും ചെയ്യും. അതും പോരാത്തതിന് 25 വയസ്സുവരെ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതും അല്ല. പ്രായപൂർത്തിയാകാത്തവരുടെ വാഹന ഓട്ടം ഗുരുതര അപകടങ്ങൾ വ്യാപകമാക്കുന്നു എന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ അത് സംബന്ധിച്ച് നിയമം പരിഷ്കരിക്കുകയും കർശനമാക്കുകയും ചെയ്യുന്നത് .ഇതിൻറെ ഭാഗമായി വ്യാപക റെയ്ഡും ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ വാഹനമോടിക്കൽ തടയുന്നതിന് 2019ൽ മോട്ടോർ വാഹന നിയമം പരിഷ്കരിച്ചാണ് ചെറുപ്രായത്തിൽ വാഹനം ഓടിക്കുന്നവർക്ക് തടവുശിക്ഷ കൂടി ഏർപ്പെടുത്തിയത്. എന്നാൽ കേരളത്തിൽ അത് നടപ്പാക്കിയിരുന്നില്ല. ഇത് അത്തരക്കാരുടെ ഡ്രൈവിങ്ങും വാഹനാപകടങ്ങളും അനിയന്ത്രിതമാക്കിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ ഇപ്പോൾ നിയമം കർശനമാക്കുന്നത്.







