മംഗ്‌ളൂരു: മൂന്നു വര്‍ഷത്തിനുള്ളില്‍ ഏഴു കല്യാണം കഴിച്ച് ലക്ഷങ്ങളുമായി മുങ്ങിയ യുവാവിനെയും വിവാഹ ബ്രോക്കറെയും പൊലീസ് അറസ്റ്റു ചെയ്തു. മംഗ്‌ളൂരു, കാവുവിലെ സുശാന്ത് പാജാരി എന്ന സുശാന്ത് അങ്കുഷ് പൂജാരി എന്ന സുശാന്ത് കര്‍ക്കേരി (32), വിവാഹ ബ്രോക്കര്‍ ഭാസ്‌ക്കര്‍ (36) എന്നിവരെയാണ് ഉറുവ പൊലീസ് അറസ്റ്റു ചെയ്തത്.
മഹാരാഷ്ട്ര അര്‍നാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതി നല്‍കിയ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. 2025 ഫെബ്രുവരി രണ്ടിനാണ് സുശാന്തും മഹാരാഷ്ട്ര യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. മാട്രിമോണിയല്‍ പരസ്യം വഴി വിവാഹ ബ്രോക്കറായ ഭാസ്‌ക്കറിന്റെ സഹായത്തോടെയായിരുന്നു കല്യാണം.
കല്യാണം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടും മുമ്പെ യുവതിയുടെ 6.60 ലക്ഷം രൂപയുമായി കടന്നു കളയുകയായിരുന്നു. ഇതു സംബന്ധിച്ച് മഹാരാഷ്ട്ര, അര്‍നാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഉറുവ പൊലീസിനു കൈമാറുകയായിരുന്നു. ഉറുവ പൊലീസിന്റെ തന്ത്രപരമായ അന്വേഷണത്തിലാണ് വിവാഹ തട്ടിപ്പ് വീരനെ കുടുക്കിയത്. തൊട്ടു പിന്നാലെ വിവാഹ ബ്രോക്കറും പൊലീസിന്റെ വലയില്‍ കുരുങ്ങി.
ചോദ്യം ചെയ്തപ്പോഴാണ് സമാന രീതിയില്‍ സുശാന്ത് മറ്റു ആറു കല്യാണങ്ങള്‍ കൂടി കഴിച്ചതായുള്ള വിവരം പൊലീസിനു ലഭിച്ചത്. മംഗ്‌ളൂരു, ഉഡുപ്പി, കാര്‍ക്കള പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് വിവാഹങ്ങള്‍ ചെയ്തത്. രണ്ടു പെണ്‍കുട്ടികള്‍ക്ക് വിവാഹ വാഗ്ദാനം നല്‍കി പണം കൈക്കലാക്കിയതായും പരാതിയുണ്ട്. പ്രതിയെ കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം തുടരുകയാണ്.







