കാസര്‍കോട്: തുളവീണ ഹൃദയവുമായി പിറന്നു വീണ റിഷാദ് (21)നാടിനെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞു. ബദിയഡുക്ക പള്ളത്തടുക്കയിലെ മുഹമ്മദ് -ദൈനബി ദമ്പതികളുടെ ഏക ആണ്‍ തരിയാണ് റിഷാദ്. ഷാഹിന, റിസ്‌വാന, റിഫാന സഹോദരിമാരാണ്.
തുളവീണ ഹൃദയവുമായാണ് റിഷാദ് പിറന്നു വീണത്. പത്തു വയസ്സുവരെ കുട്ടിയുടെ ശരീര പ്രകൃതിയായിരുന്നു റിഷാദിന്റേത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതായിരുന്നു കുടുംബം. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ നടത്തിയ ഒരു ശസ്ത്രക്രിയക്കു ശേഷം ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമായി. രണ്ടര ലക്ഷം രൂപ ചെലവഴിച്ച് ഓപ്പറേഷന്‍ നടത്തിയാല്‍ റിഷാദിനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടു വരാന്‍ കഴിയുമെന്നായിരുന്നു കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ ജീവിത സമ്പാദ്യമെല്ലാം ഏക മകന്റെ ജീവനായി ചെലവഴിച്ച പിതാവ് മുഹമ്മദിന് ഇത്രയും വലിയ തുക സ്വപ്‌നം കാണാന്‍ പോലും കഴിഞ്ഞില്ല.
ഇതോടെ പള്ളത്തടുക്കയിലെ പൊതു പ്രവര്‍ത്തകന്‍ മൊയ്തുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചും പലരില്‍ നിന്നു സ്വരൂപിച്ചും ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്തി. ശസ്ത്രക്രിയയ്ക്കു ശേഷം ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന റിഷാദിന്റെ ശരീര പ്രകൃതിയിലും മാറ്റം ഉണ്ടായി. എന്നാല്‍ ടെന്‍ഷന്‍ വരുന്ന ഒരു കാര്യവും പറയരുതെന്നു ഡോക്ടന്മാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനാല്‍ ഇല്ലായ്മയും വല്ലായ്മയും ഒന്നും മാതാപിതാക്കളോ വീട്ടുകാരോ റിഷാദിനെ അറിയിക്കാതെയാണ് കരുതലും താങ്ങുമായി നിന്നത്.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് റിഷാദ് പള്ളത്തടുക്ക ടൗണിലെത്തിയപ്പോള്‍ തല കറങ്ങി വീണതാണ് ദുരന്തമായി മാറിയത്. സ്ഥലത്ത് ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവന്മാര്‍ ചേര്‍ന്ന് റിഷാദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ചെങ്കള നായനാര്‍ ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞത്. പക്ഷെ വീഴ്ച്ചയില്‍ നഷ്ടപ്പെട്ട ബോധം തിരികെ കിട്ടിയില്ല. ഒടുവില്‍ കുടുംബത്തിന്റെയും മറ്റു പ്രിയപ്പെട്ടവരുടെയും പ്രാര്‍ത്ഥനകളെല്ലാം വിഫലമാക്കി റിഷാദ് വ്യാഴാഴ്ച രാവിലെ യാത്ര പറഞ്ഞു ഏവരെയും കണ്ണീരിലാഴ്ത്തി.






