കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂര്‍ തൂമിനാട്ട് സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്നലെ സന്ധ്യയ്ക്ക് കൊല്ലപ്പെട്ട 18 കാരി ജുമൈലയുടെ മാതൃസഹോദരി ഭര്‍ത്താവ് ഷേക്കുഞ്ഞി (60)ആണ് ഇന്ന് രാവിലെ മംഗളൂരു ആശുപത്രിയില്‍ മരിച്ചത്. സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ അനുരഞ്ജന ചര്‍ച്ച വാക്കേറ്റത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് ജുമൈലയുടെ പിതാവ് ഉമ്മര്‍ ഫാറൂഖ് ആണ് ഇരുവരെയും അതീവ ഗുരുതരനിലയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. വലതുകാലിന് കുത്തേറ്റ് സാരമായി പരിക്കേറ്റ ഷേക്കുഞ്ഞി മുറിവ് വകവയ്ക്കാതെ അവശനിലയിലായിരുന്ന ജുമൈലയുമായി മംഗളൂരു ആശുപത്രിയില്‍ എത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിയുടനെ തളര്‍ന്ന് വീണ ഷേക്കുഞ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ ജുമൈല മരണപ്പെട്ടിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്യും. ജുമൈലയുടെ മൃതദേഹം ഇന്നലെ രാത്രി തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.







