കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂര്‍, തൂമിനാട്, ഹില്‍ടോപ്പ് നഗറില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ നാട് കണ്ണീരൊഴുക്കുന്നു. കുടുംബ വഴക്കിന്റെയും സ്വത്തു തര്‍ക്കത്തിന്റെയും പേരില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ 18 വയസ് പ്രായമുള്ള പെണ്‍കുട്ടിയും ബന്ധുവായ അറുപതുകാരനും കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് നാടും നാട്ടുകാരും. മറിയം ജുമൈല (18), തിങ്കളാഴ്ച സന്ധ്യയോടെയും മാതൃസഹോദരി ഭര്‍ത്താവ് ഷേക്കുഞ്ഞി (60) ചൊവ്വാഴ്ച്ച രാവിലെയുമാണ് മരണപ്പെട്ടത്. റഹാനയാണ് ഷേക്കുഞ്ഞിയുടെ ഭാര്യ. മക്കള്‍: സൈഫു, സഫീന, ശുഹൈബ്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-” തിങ്കളാഴ്ച വൈകുന്നേരം ഷേക്കുഞ്ഞിയുടെ വീട്ടിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ഈ വീട്ടിലാണ് മറിയം ജുമൈലയും മാതാവ് താഹിറയും താമസം. ഭര്‍ത്താവ് ഉമ്മര്‍ ഫാറൂഖും താഹിറയും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതിനുള്ള ചര്‍ച്ചയ്ക്കായാണ് ഉമ്മര്‍ ഫാറൂഖും ബന്ധുക്കളും ഷേക്കുഞ്ഞിയുടെ വീട്ടില്‍ ഒത്തു കൂടിയത്. ബന്ധം വേര്‍പിരിയുന്നു എന്ന നിലപാടാണ് താഹിറ സ്വീകരിച്ചത്. ബന്ധം വേര്‍പിരിയുകയാണെങ്കില്‍ ഭാര്യയുടെ പേരിലാക്കി കൊടുത്ത തന്റെ സ്വത്ത് തിരികെ നല്‍കണമെന്ന നിലപാടാണ് ഉമ്മര്‍ ഫാറൂഖ് സ്വീകരിച്ചത്. സ്വത്തു തിരികെ തരാന്‍ കഴിയില്ലെന്നും സ്വത്ത് മകളുടെ പഠനത്തിനും മറ്റും വേണമെന്ന നിലപാടാണ് ഷേക്കുഞ്ഞി സ്വീകരിച്ചത്.
ഇതില്‍ പ്രകോപിതനായാണ് നേരത്തെ വാങ്ങി അരയില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഷേക്കുഞ്ഞിയെ അക്രമിച്ചത്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയിൽ ജുമൈലയുടെ കഴുത്തിലും വയറ്റിലും കുത്തേറ്റു. ഇരുവരെയും ഉടന്‍ ഉപ്പളയിലെ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജുമൈലയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വലതുകാലില്‍ കുത്തേറ്റ മുറിവിലൂടെ ചോരവാര്‍ന്ന് അവശനിലയിലായ ഷേക്കുഞ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ മരണം സംഭവിച്ചു. പോസ്റ്റുമോര്‍ട്ടം നടത്തിയാലേ മരണകാരണം സ്ഥിരീകരിക്കുവാന്‍ കഴിയൂ”.
മംഗ്‌ളൂരു, ബജ്‌പെ പൊലീസ് സ്റ്റേഷനിലെ വ്യാജ പാസ്‌പോര്‍ട്ട് കേസിലെ പ്രതിയാണ് ഉമ്മര്‍ ഫാറൂഖെന്ന് പൊലീസ് പറഞ്ഞു. രണ്ടുമാസം മുമ്പ് ഗള്‍ഫില്‍ നിന്ന് തിരികെയെത്തിയ ഇയാളെ വിമാനതാവള അധികൃതര്‍ തടഞ്ഞു വച്ച് ബജ്‌പെ പൊലീസിനു കൈമാറിയിരുന്നു. 40 ദിവസം റിമാന്റില്‍ കഴിഞ്ഞിരുന്ന ഉമറുല്‍ ഫാറൂഖ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ജയില്‍ മോചിതനായതെന്നു പൊലീസ് പറഞ്ഞു.
അക്രമത്തിനു ശേഷം സംഭവ സ്ഥലത്തു തന്നെ ഉണ്ടായിരുന്ന പ്രതിയെ എ എസ് പി അച്യുത അശോകിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാര്‍ അറസ്റ്റു ചെയ്തു.






