കടലൂര്‍: അവിഹിതം കയ്യോടെ പിടിച്ച അമ്മായി അച്ഛനെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ മരുമകളും കാമുകനും കൂട്ടുപ്രതികളും അറസ്റ്റില്‍. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. കടംപുലിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മലിഗംപട്ട് സ്വദേശിയായ രാജേന്ദ്രന്‍(64) ആണ് മരിച്ചത്.
സംഭവത്തില്‍ രാജേന്ദ്രന്റെ മരുമകള്‍ ബി. ജയപ്രിയ(28), കാമുകന്‍ പന്‍രുത്തിയിലെ ഡി. മണികണ്ഠന്‍(39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മണികണ്ഠന്റെ സഹായി പണ്രുട്ടി സ്വദേശി ജി ഗുബേന്ദ്രന്‍ (29), വാന്‍ ഡ്രൈവര്‍ ചിത്തിരിച്ചാവടി സ്വദേശി എം പാര്‍ഥിബന്‍ (28), എന്നിവരേയും അറസ്റ്റുചെയ്തു.
ആക്രമണത്തില്‍ കഴുത്തിലും, പുറകിലും, ഇടുപ്പിലും 70% പൊള്ളലേറ്റ് കടലൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രാജേന്ദ്രന്റെ മരണം സംഭവിക്കുന്നത്.
സുഹൃത്ത് കണ്ടന്റെ ഇരുചക്രവാഹനത്തിന് പിന്നില്‍ ഇരുന്ന് സഞ്ചരിക്കുകയായിരുന്ന രാജേന്ദ്രനെ വാനിലെത്തിയ മൂന്ന് പേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. അക്രമികളില്‍ രണ്ടുപേര്‍ ഇറങ്ങിവന്ന് രാജേന്ദ്രന്റെ മേല്‍ പെട്രോള്‍ ഒഴിച്ചശേഷം കണ്ടനെ സ്ഥലത്തുനിന്നും ഓടിച്ചു. തുടര്‍ന്ന് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മണികണ്ഠനുമായുള്ള മരുമകളുടെ അവിഹിതം കാണാനിടയായ രാജേന്ദ്രന്‍ ഇരുവരുടേയും ബന്ധത്തെ ചോദ്യം ചെയ്തിരുന്നു. ഇത് കുടുംബ വഴക്കിന് ഇടയാക്കിയിരുന്നു. ഇതിലുള്ള പകയാണ് ക്രൂരമായ കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.







