തളിപ്പറമ്പ്: കാട്ടുപന്നിക്കൂട്ടം കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞു. ശനിയാഴ്ച്ച രാത്രി 12 മണിയോടെ ആലക്കോട്,മാമ്പൊയിലിലാണ് അപകടം. മാമ്പൊയിലിലെ പാറേക്കുളം സച്ചിന്റെ ജീപ്പാണ് റോഡരികിലെ ഇരുപത് അടിയോളം താഴ്ചയിലുള്ള കൊക്കയിലേക്ക് പതിച്ചത്. മാമ്പൊയില്‍ ചിറാപുഞ്ചിയിലെ ഒരു മരണവീട്ടില്‍ പോയി മടങ്ങുകയായിരുന്നു സച്ചിന്‍. ഇതിനിടെയാണ് കാട്ടുപന്നിക്കൂട്ടം ജീപ്പിന് കുറുകെ ചാടിയത്. ഇതോടെ നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. സച്ചിന്‍ മാത്രമാണ് ജീപ്പിലുണ്ടായിരുന്നത്. ഇല്ലിക്കാടുകളിലും വള്ളിപ്പടര്‍പ്പുകളിലും തട്ടി ജീപ്പ് നിന്നതിനാലാണ് ആളപായം ഒഴിവായത്. മാമ്പൊയില്‍ മേഖലയില്‍ സമീപകാലത്ത് കാട്ടുപന്നി അക്രമം രൂക്ഷമായിരിക്കുകയാണ്.







