തിരുവനന്തപുരം: ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പൂര്‍ണ്ണമായും ലക്ഷ്യമിടുന്നത് മാസങ്ങള്‍ക്കകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്. ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉണ്ടാകുമെന്ന് പൊതുവെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. പകരം ക്ഷേമ പെന്‍ഷനായി ഇതുവരെ നല്‍കിയ പണത്തിന്റെ കണക്കാണ് മന്ത്രി ബജറ്റില്‍ വ്യക്തമാക്കിയത്. അതേസമയം ആശാവര്‍ക്കര്‍മാര്‍, അംഗണ്‍വാടി വര്‍ക്കര്‍മാര്‍, സ്‌കൂള്‍ പാചക തൊഴിലാളികള്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിച്ചതു വഴി സാധാരണക്കാര്‍ക്കിടയില്‍ ചലനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്.
ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ പ്രഖ്യാപിച്ചത് വഴി ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ചേര്‍ത്തു നിര്‍ത്താന്‍ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഡി എ കുടിശ്ശിക അടുത്ത മാസം നല്‍കുമെന്ന പ്രഖ്യാപനവും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നു വ്യക്തം.
പ്രതീക്ഷിച്ചതുപോലെ ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തു വന്നു. സംസ്ഥാനം കണ്ട ഏറ്റവും മോശം ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിഹസിച്ചു. പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തിയത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ 25ശതമാനത്തില്‍ താഴെയാണ് നടപ്പിലാക്കിയതെന്നു അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പദ്ധതി നടത്തിപ്പിനെ കുറിച്ച് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ വെല്ലുവിളിച്ചു.
അടുത്ത തവണ അധികാരത്തില്‍ വരാന്‍ സാധ്യത ഇല്ലെന്നു ഉറപ്പുള്ളതുകൊണ്ടാണ് നടപ്പാക്കാന്‍ സാധ്യമല്ലാത്ത പ്രഖ്യാപനങ്ങള്‍ മാത്രമുള്ള ബജറ്റ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനം നേരിടുന്ന അതി സങ്കീര്‍ണ്ണമായ സാമ്പത്തിക സ്ഥിതിയെകുറിച്ച് ഒന്നും പറയാത്ത ബജറ്റാണിതെന്നും ധനകാര്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.







