ബീജിംഗ്: വിവാഹത്തിന് സഹപ്രവര്‍ത്തകര്‍ പങ്കെടുക്കാത്തതിലുള്ള നിരാശയില്‍ നവവധു ജോലി രാജിവച്ചു. ചൈനയിലാണ് സംഭവം. അടുത്ത ബന്ധുക്കളേയും ഓഫീസിലെ തന്റെ 70 സഹപ്രവര്‍ത്തകരേയുമാണ് യുവതി വിവാഹത്തിന് ക്ഷണിച്ചിരുന്നത്. കുറച്ചുപേരെ മാത്രം വിളിക്കുന്നത് മര്യാദ കേടെന്ന് കരുതിയാണ് യുവതി എല്ലാവരേയും ക്ഷണിച്ചത്. വിവാഹ ദിനം അടുത്തുവെന്ന് കാട്ടി ഓഫീസിലെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ എല്ലാവര്‍ക്കും സന്ദേശം നല്‍കി ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.
ഇത്രയും പേരെ ക്ഷണിച്ചെങ്കിലും ഓഫീസില്‍ നിന്ന് വിവാഹത്തില്‍ പങ്കെടുത്തത് ഒരാള്‍ മാത്രം. അഞ്ചുവര്‍ഷമായി ജോലി ചെയ്യുന്ന ഓഫീസിലെ ജീവനക്കാര്‍ വിവാഹത്തിനെത്താതിരുന്നത് യുവതിയെ ഏറെ വിഷമിപ്പിച്ചു. താന്‍ അവരെ എത്രമാത്രം വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്തുവെന്ന് യുവതി ദു:ഖത്തോടെ ഓര്‍ക്കുന്നു.
സഹപ്രവര്‍ത്തകര്‍ വിവാഹത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹം കൊണ്ട് അവധി ദിവസമാണ് വിവാഹം നിശ്ചയിച്ചിരുന്നത്. അവധി ദിവസമായതിനാല്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് വിവാഹം ക്ഷണിക്കുന്ന സമയത്ത് സഹപ്രവര്‍ത്തകര്‍ പറയുകയും ചെയ്തു. ഇതാണ് യുവതിയെ സങ്കടപ്പെടുത്തിയത്.
ബന്ധുക്കളുടെ തിരക്കിനിടയില്‍ സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും യുവതി ഒരുക്കിയിരുന്നു. ഇത്രയൊക്കെ ചെയ്തിട്ടും ആരും വിവാഹത്തിനെത്താത്തത് യുവതിക്ക് അപമാനമായി തോന്നി. സഹപ്രവര്‍ത്തകര്‍ പങ്കെടുക്കാത്തതിനാല്‍ ഒരുക്കിയിരുന്ന ഭക്ഷണങ്ങളെല്ലാം ബാക്കിയായി. മാത്രമല്ല ഭര്‍ത്താവിനും മറ്റ് ബന്ധുക്കള്‍ക്ക് മുന്നിലും നാണംകെട്ടു.
ഇതോടെ താന്‍ അഞ്ച് വര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് വധു രാജി വയ്ക്കുകയായിരുന്നു. യുവതി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. യുവതിയുടെ തീരുമാനം പലരേയും ഞെട്ടിച്ചു.







