സ്ത്രീകള്‍ക്ക് സൗന്ദര്യം ശാപമാണോ? മധ്യപ്രദേശിലെ എം എല്‍ എ ഫൂല്‍സിങ് ബാരൈയ അങ്ങനെ പറയുന്നു. അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതിന്റെ പരോക്ഷമായ അര്‍ത്ഥം അതാണ്.
ഒരു പുരുഷന്‍ റോഡിലൂടെ നടന്നു പോകുമ്പോള്‍ സുന്ദരിയായ ഒരു യുവതിയെ കാണാനിടയായാല്‍ കയറിപ്പിടിക്കും. അയാളുടെ മനസ്സിളകുമ്പോള്‍ കാമോന്മാദം കയറും. യുവതിയെ ബലാത്സംഗം ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ കുറ്റം ആ പുരുഷന്റേതല്ല. യുവതിയുടെ അഗലാവണ്യം- ശരീരസൗന്ദര്യം ആണ് പുരുഷന്റെ ചാപല്യത്തിന് കാരണം. എം എല്‍ എ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ സൗന്ദര്യ- മനഃശാസ്ത്രം വിളമ്പിയത്(മാതൃഭൂമി 18-1-2016).
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗത്തിനിരയാക്കപ്പെടുന്നത് ദുര്‍ബല വിഭാഗങ്ങളില്‍- പട്ടികജാതി- പട്ടികവര്‍ഗ്ഗ- മറ്റ് പിന്നോക്ക വര്‍ഗ്ഗങ്ങളില്‍പ്പെട്ട സ്ത്രീകളാണത്രേ. തൊട്ടുകൂടാ; തീണ്ടിക്കൂടാ; ദൃഷ്ടിയില്‍പ്പെടാന്‍ പോലും പാടില്ല, അയിത്ത ജാതിക്കാരെ എന്നെല്ലാം പറയും. ‘മുനി’ ‘പ്രോക്ത’ ധര്‍മ്മശാസ്ത്രങ്ങള്‍ വിലക്കിയിട്ടുണ്ടത്രേ. എന്നിട്ടും അവര്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. അവരുടെ സാമൂഹ്യമായ പിന്നാക്കാവസ്ഥയും അരക്ഷിതത്വവുമല്ല ഇതിന് കാരണം. ബലാത്സംഗം ചെയ്യുന്ന പുരുഷന്മാരുടെ കാമഭ്രാന്തുമല്ല; പുണ്യലാഭ മോഹമാണ്. പുണ്യം കിട്ടും എന്ന ചിന്ത.
അത്തരക്കാരെ കണ്ടാലുടന്‍ അവരെ കയറിപ്പിടിച്ചോളൂ. ആരും തടയാന്‍ പാടില്ല. സ്ത്രീ പീഡനം ആരോപിച്ച് കേസെടുക്കരുത്. വാദി പ്രതിയാകും. മത സ്വാതന്ത്ര്യം തടയലാകും അത്. ഭരണഘടനാ വിരുദ്ധം പീഡനക്കേസെടുക്കല്‍. പുണ്യ കര്‍മ്മാനുഷ്ഠാനത്തിനെതിരെ കേസോ?
ഇപ്രകാരം ആത്മീയ പ്രഭാഷണം നടത്തി ഫൂല്‍സിങ് ബാരൈയ എം എല്‍ എയാണ്. ഏത് പാര്‍ട്ടിയുടെ? അക്കാര്യം വ്യക്തമാക്കിയില്ലെങ്കില്‍ പല വ്യാഖ്യാനങ്ങളും വരും. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം; മാതൃഭൂമി- ഫൂല്‍ സിങിന്റെ പാര്‍ട്ടി ഏത് എന്ന് പറഞ്ഞിട്ടുണ്ട്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.
എന്നാല്‍ ഫൂല്‍സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചതാണ് എങ്കിലും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമല്ല; തികച്ചും വ്യക്തിപരമായ നിലപാടാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇതിനോട് യോജിപ്പില്ല. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിത്തു പട്‌വാരി വ്യക്തമാക്കി. മുമ്പും ഇമ്മാതിരി ‘ധര്‍മ്മതത്വങ്ങള്‍’-(തനിവിടുവായത്തങ്ങള്‍)- ഇയാള്‍ വിളമ്പിയിട്ടുണ്ടത്രേ. പാര്‍ട്ടി അധ്യക്ഷന്‍ പറയുന്നു. പാര്‍ട്ടിയെക്കുറിച്ച് അവ മതിപ്പുളവാക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമങ്ങളിലൂടെ വിളമ്പിക്കൊണ്ടിരിക്കുന്ന, അതുവഴി പാര്‍ട്ടിക്ക് മാനക്കേടുണ്ടാക്കുന്ന എം എല്‍ എയെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കാമോ? പാര്‍ട്ടിയില്‍ നിന്ന് ഇയാളെ പുറത്താക്കണം എന്ന് സംസ്ഥാന മുഖ്യമന്ത്രി മോഹന്‍ യാദവ് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടത്രേ. മുഖ്യമന്ത്രിക്കും പാര്‍ട്ടി അധ്യക്ഷനും ഒരേ അഭിപ്രായം. എന്നിട്ടും നിരന്തരം ‘വേണ്ടാതിനം’ പുലമ്പുന്ന ഫൂല്‍സിങ് എം എല്‍ എ ആയി തുടരുന്നു!.
രാഹുല്‍ഗാന്ധി മധ്യപ്രദേശ് സന്ദര്‍ശിക്കുന്ന അവസരത്തില്‍ത്തന്നെ, പാര്‍ട്ടി എം എല്‍ എ വിവാദ പ്രസ്താവനയുമായി വാര്‍ത്താ മാധ്യമങ്ങളെ സമീപിച്ചത് ഒട്ടും ഉചിതമായില്ല എന്ന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍. ശരിയല്ലേ? മറ്റ് പാര്‍ട്ടിക്കാര്‍ ഇതൊരു വിവാദമാക്കും. സാക്ഷാല്‍ മഹാത്മാഗാന്ധിയുടെ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സംഘടനയുടെ എം എല്‍ എയാണല്ലോ ഫൂല്‍സിങ്! ബഹുകേമം ന്യായബോധം എന്ന് പറയും.
ഇതിന് മുമ്പും ഇയാള്‍ വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍, അപ്പോള്‍ത്തന്നെ പുകയും കൊള്ളി പുറത്ത് എന്ന നിലപാട് സ്വീകരിക്കേണ്ടതല്ലേ പാര്‍ട്ടി നേതൃത്വം:
കോണ്‍ഗ്രസില്‍ നിന്ന് പുറം തള്ളിയാല്‍, പടിയടച്ചാല്‍ ഫൂല്‍സിങ് എം എല്‍ എയ്ക്ക് എന്ത് ചേതം? ”വരണം, വരണം, സ്വാഗതം, സ്വാഗതം” എന്ന് പറഞ്ഞ് സ്വീകരിക്കാന്‍ എത്ര പാര്‍ട്ടികളുണ്ടാകും? കസേര അവര്‍ ഒരുക്കും. ഒരു സീറ്റ് കൂടുതല്‍; പിന്നാലെ അധികാരം! അധികാരമെന്നാല്‍…
”എന്തും പറയാം വഷളാ!” എന്നൊരു ചൊല്ലുണ്ട്. അതൊന്ന് തിരുത്തിപ്പറയാം: വഷളപ്രഭുക്കള്‍ക്ക് എന്തും പറയാം!







