മെയ്‌നെ: ശക്തമായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അമേരിക്കയില്‍ യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണു. മെയ്‌നെയിലെ ബങ്കോര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എട്ട് യാത്രക്കാരുമായി പറന്നുയര്‍ന്ന ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 650 വിമാനമാണ് തകര്‍ന്നുവീണത്. പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നുവീഴുകയും തീപിടിക്കുകയുമായിരുന്നുവെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. തീയണക്കാന്‍ അടിയന്തിര സേവനം ഉപയോഗപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എല്ലാവരും കൊല്ലപ്പെട്ടതായി സംശയിക്കുന്നു. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമെന്നറിയുന്നു. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചു. അപകടത്തില്‍ അന്വേഷണം നടത്തുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അധികൃതരും നാഷണല്‍ ട്രാന്‍സ്‌പോര്‍ടേഷന്‍ സേഫ്റ്റി ബോര്‍ഡും അറിയിച്ചു.
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണിത്. ഹിമപാതം ഫിലാഡല്‍ഫിയ, വാഷിംഗ്ടണ്‍, ബാള്‍ട്ടിമോര്‍, നോര്‍ത്ത് കരോലിന, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ആളുകള്‍ രണ്ടുദിവസമായി വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും പുറത്തിറങ്ങുന്നില്ല. ഇടയ്ക്കിടക്ക് മഞ്ഞുവീഴ്ചയും ഐസ് മഴയും തുടരുന്നുണ്ട്.







