പുത്തൂര്‍: പുത്തൂര്‍ രാംകുഞ്ച,പാഡെയില്‍ വെടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം ജന്മനാടായ എന്‍മകജെയിലെ തറവാട് വീട്ടില്‍ എത്തിച്ച് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. പെര്‍ള, സേറാജെയിലെ വസന്ത പൂജാരിയുടെ മകനും മംഗളൂരുവിലെ വിദ്യാര്‍ത്ഥിയുമായ മോക്ഷ (17) യുടെ മൃതദേഹമാണ് ഞായറാഴ്ച ഉച്ചയോടെ എന്‍മകജെയിലെത്തിച്ച് സംസ്‌കരിച്ചത്.
ശനിയാഴ്ച വൈകുന്നേരമാണ് മോക്ഷയെ രാമകുഞ്ചയിലെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയിലും പിതാവ് വസന്ത പൂജാരിയെ കുത്തേറ്റ നിലയിലും കണ്ടെത്തിയത്. നാട്ടുകാരും ബന്ധുക്കളും എത്തുമ്പോഴേക്കും മോക്ഷ മരണപ്പെട്ടിരുന്നു. വസന്ത പൊലീസ് കാവലിൽ മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വസന്തയെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ച ശേഷം മകന്‍ മോക്ഷ സ്വയം വെടിയുതിര്‍ത്തു ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ മാതാവ് ജയശ്രീ നല്‍കിയ പരാതിയാണ് നാടിനെ നടുക്കിയ സംഭവത്തിൽ നാടകീയ വഴിത്തിരിവ് ഉണ്ടാക്കിയത്. മകനെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് സ്വയം കുത്തി പരിക്കേല്‍പ്പിച്ചിരിക്കാമെന്നാണ് ജയശ്രീയുടെ ആരോപണം.
അഭിപ്രായ വ്യത്യാസം കാരണം താനും മകനും എന്‍മകജെയിലെ വീട്ടിലായിരുന്നു താമസമെന്നും ഒരു മാസം മുമ്പാണ് മകനെ രാമകുഞ്ചയിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും ജയശ്രീ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലാണ്. തോക്ക് ആരുടേതാണെന്ന കാര്യത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







