കാസര്‍കോട്: ബലി പെരുന്നാള്‍ ദിവസം പള്ളി മുറ്റത്തു വച്ച് യുവാവിനെ ആണിയടിച്ച പലക കൊണ്ട് അടിച്ചു ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും തുടര്‍ന്നു മരണപ്പെടുകയും ചെയ്ത കേസിലെ പ്രതിയെ അഞ്ചു വര്‍ഷം കഠിനതടവിനും അരലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചു. ബാര, മീത്തല്‍ മാങ്ങാട്ടെ ഹബീബി(40)നെയാണ് ജില്ലാ ജഡ്ജ് സാനു എസ് പണിക്കര്‍ ശിക്ഷിച്ചത്. കുടുംബകോടതിയിലെ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ ജയിലില്‍ കഴിയുന്ന ഹബീബിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ശിക്ഷിച്ചത്. ഹബീബിന്റെ അയല്‍വാസിയായ റഷീദ് (42) കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ.
2022 ജുലായ് 22ന് ബലിപെരുന്നാള്‍ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. രാവിലെ കൂളിക്കുന്ന് ജുമാമസ്ജിദില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നു റഷീദ്. ഈ സമയത്ത് അയല്‍വാസിയായ ഹബീബിനെ കണ്ടപ്പോള്‍ റഷീദ് ‘ഈദ് മുബാറക്’ ആശംസിച്ചു. എന്നാല്‍ മുന്‍ വൈരാഗ്യം മനസ്സില്‍ വച്ചിരുന്ന ഹബീബ് ‘താന്‍ ആരാണ് എന്നോട് ഈദ് മുബാറക് പറയാന്‍’ എന്ന് ആക്രോശിക്കുകയും സ്ഥലത്ത് മദ്രസ നിര്‍മ്മാണത്തിനായി വച്ചിരുന്ന ആണി തറച്ച മരപ്പലകയെടുത്ത് റഷീദിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്നാണ് മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റ റഷീദിനെ ആദ്യം ഉദുമയിലെ ആശുപത്രിയിലും പിന്നീട് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സ ഫലിക്കാതെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടയില്‍ ആയിരുന്നു മരണം സംഭവിച്ചത്.
റഷീദിന്റെ ബന്ധുവായ മുഹമ്മദ് സല്‍മാന്‍ ഹാരിസ് നല്‍കിയ പരാതിയിലാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി. ഉത്തംദാസും പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപ് കുമാറും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. വേണു ഗോപാലനും എയ്ഡ് പ്രോസിക്യൂഷന്‍ ഡ്യൂട്ടിക്കായി എഎസ്‌ഐ ഗിരീഷും കോടതിയില്‍ ഹാജരായി.







