കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനു ഒരുങ്ങിക്കൊണ്ടിരിക്കുന്നതിനിടയില്‍ സംസ്ഥാനത്തേക്ക് കുഴല്‍പ്പണത്തിന്റെ ഒഴുക്കും തുടങ്ങി. രണ്ടാഴ്ചക്കുള്ളില്‍ പിടിയിലായത് 72.50 ലക്ഷം രൂപ. വരും ദിവസങ്ങളിലും കുഴല്‍പ്പണം ഒഴുകാന്‍ സാധ്യത ഉള്ളതിനാല്‍ അതിര്‍ത്തികളില്‍ ജാഗ്രതയ്ക്ക് നിര്‍ദ്ദേശം നല്‍കി.
സ്വകാര്യ ബസില്‍ കടത്തിക്കൊണ്ടുവന്ന 31 ലക്ഷം രൂപ ഞായറാഴ്ച രാവിലെ വയനാട് മാനന്തവാടിയില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം, കൊടുവള്ളി സ്വദേശിയായ മുഹമ്മദ് സാമിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാവിലെ 9.30ന് മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് നടത്തിയ വാഹനപരിശോധനയില്‍ 30 ലക്ഷം രൂപ പിടികൂടിയിരുന്നു. മംഗ്‌ളൂരു ഭാഗത്തു നിന്നു കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്.
ജനുവരി ഒമ്പതിന് അമ്പലത്തറ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ 11.50 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി അമ്പലത്തറ കല്ലാന്തോളിലെ അബ്ബാസി (40)നെ പിടികൂടിയിലുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് പാറപ്പള്ളിയില്‍ വാഹനപരിശോധന നടത്തുന്നതിനിടയിലാണ് സ്‌കൂട്ടറില്‍ കടത്തിയ കുഴല്‍പ്പണം പിടികൂടിയത്. കെട്ടുകളാക്കി സ്‌കൂട്ടറിന്റെ സീറ്റിനടിയിലാണ് പണം സൂക്ഷിച്ചിരുന്നത്. സ്വര്‍ണ്ണവിലയില്‍ അനുദിനം ഉണ്ടാകുന്ന വര്‍ധനവും കുഴല്‍പ്പണത്തിന്റെ ഒഴുക്ക് വര്‍ധിക്കാന്‍ കാരണമാകുന്നതായും വിലയിരുത്തപ്പെടുന്നു.







