കാസര്‍കോട്: വീട്ടിനടുത്ത് തൂങ്ങിയ നിലയില്‍ കാണപ്പെട്ട തൊഴിലുറപ്പു തൊഴിലാളി ആശുപത്രിയില്‍ മരിച്ചു. പൈവളിഗെ, മരിക്കെ ഹൗസിലെ കെ യു ബാബു (46)ആണ് ജീവനൊടുക്കിയത്. എറണാകുളം സ്വദേശിയായ ഇദ്ദേഹം 20 വര്‍ഷമായി പൈവളിഗെയിലാണ് താമസം.
നേരത്തെ ടൈല്‍സിന്റെ ജോലി ചെയ്തിരുന്നു. പിന്നീട് തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. പഞ്ചായത്തില്‍ നിന്നും ലഭിച്ച വീട്ടില്‍ രണ്ടുമാസം മുമ്പാണ് താമസം ആരംഭിച്ചത്. വീടിന്റെ നിര്‍മ്മാണത്തോടെ സാമ്പത്തിക പ്രയാസത്തിലായിരുന്നു ബാബുവെന്നു പറയുന്നു.
19ന് വൈകിട്ടാണ് ബാബുവിനെ വീട്ടിനു സമീപം തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെ ഇറക്കി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ ഫലപ്രദമാകാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. രാത്രി ഒന്‍പതു മണിയോടെ മരിച്ചു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി.
സുന്ദരിയാണ് ബാബുവിന്റെ ഭാര്യ. തമിഷ ഏകമകളാണ്.







