മൊഗ്രാൽ പുത്തൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി മൊഗ്രാൽ പുത്തൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 27 ചൊവ്വാഴ്ച മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ ‘മനുഷ്യച്ചങ്ങല’ സംഘടിപ്പിക്കുന്നു. വ്യാപാരികളും തൊഴിലാളികളും കുടുംബാംഗങ്ങളും അണിനിരക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി 27 ന് രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കടയടപ്പ് സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക്കിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക, തൊഴിൽ നികുതി വർദ്ധനവ് പിൻവലിക്കുക, തെരുവോര കച്ചവടം നിയന്ത്രിക്കുക, ഹൈവേ വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുക, ചെറുകിട വ്യാപാരികൾക്കായി പ്രത്യേക പാക്കേജും പലിശരഹിത വായ്പകളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
രാവിലെ 6 മണി മുതൽ 1 മണി വരെ: കടയടപ്പ് സമരം നടത്തും. രാവിലെ 10 മണിക്ക് ചൗക്കിയിൽ നിന്നും പ്രതിഷേധ പ്രകടനം ആരംഭിക്കും. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ശ്രീ. ടി.വി. ബാലൻ നിർവഹിക്കും. ജില്ലാ പ്രസിഡന്റ് ശ്രീ. ഗോപാലൻ പി.കെ, ജില്ലാ ട്രഷറർ ശ്രീ. ഉദയൻ പാലായി, ജില്ലാ വനിതാ കമ്മിറ്റി ഭാരവാഹികളായ ലിജു അബൂബക്കർ, അനിത രമേശൻ, സൗമ്യ എന്നിവരും ഏരിയ-യൂണിറ്റ് നേതാക്കളും ചടങ്ങിൽ സംബന്ധിക്കും.
”ഞങ്ങൾക്കും ജീവിക്കണം” എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന ഈ പ്രതിഷേധത്തിൽ എല്ലാ വ്യാപാരികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് വ്യാപാരി സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു.








