കാസര്‍കോട്: പരപ്പ, കമ്മാടത്ത് വോളിബോള്‍ കോര്‍ട്ടിനു സമീപത്തു യുവാവിനെ ജാക്കിലിവര്‍ കൊണ്ട് തലക്ക് അടിച്ചു കൊല്ലാന്‍ ശ്രമമെന്നു പരാതി. പരപ്പ, അച്ചുമാടത്ത് ഹൗസില്‍ ഷറഫുദ്ദീ(41)ന്റെ പരാതിയില്‍ പരപ്പയിലെ നിധിന്‍ ജോയിക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് വധശ്രമത്തിനു കേസെടുത്തു.
വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് കേസിനാസ്പദമായ സംഭവം. വോളിബോള്‍ കോര്‍ട്ടിനു സമീപത്ത് ഷറഫുദ്ദീന്‍ നിര്‍ത്തിയിട്ട വാഹനത്തിനു മുന്നില്‍ നിധിന്‍ ജോയിയുടെ വാഹനം നിര്‍ത്തിയിട്ടിരുന്നു. പ്രസ്തുത വാഹനം മാറ്റാന്‍ പറഞ്ഞ വിരോധത്തില്‍ ജാക്കിലിവര്‍ എടുത്തു അടിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. അടിയേറ്റു നിലത്തു വീണപ്പോള്‍ കല്ലുകൊണ്ട് കുത്തുകയും കല്ല് കാലില്‍ ഇട്ട് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.







