കാസര്‍കോട്: സ്ത്രീപീഡനത്തിനെതിരെയുള്ള പോരാട്ടം മുന്നേറിക്കൊണ്ടിരിക്കെ സ്ത്രീകളുടെ പീഡനത്തിനെതിരെ ചെറുത്തുനില്‍ക്കുന്നതിനുള്ള പുരുഷ മുന്നേറ്റത്തിനു കാസര്‍കോടു തയ്യാറെടുക്കുന്നു.
ഉപ്പള കേന്ദ്രീകരിച്ചാണ് ഇതിനു നീക്കമാരംഭിച്ചിട്ടുള്ളത്. ഇതേ ആവശ്യവുമായി രാഹുല്‍ ഈശ്വര്‍ ആരംഭിച്ചിട്ടുള്ള മെന്‍സ് അസോസിയേഷന്‍ രൂപീകരിക്കാനാണ് ആദ്യഘട്ട നീക്കം. പുരുഷവിമോചകനായ രാഹുല്‍ ഈശ്വറിനെ ഇതിന്റെ ഭാഗമായി ഉപ്പളയിലെത്തിക്കാനും വിപുലമായ കണ്‍വെന്‍ഷന്‍ ഏര്‍പ്പെടുത്താനും സംഘാടകര്‍ ശ്രമമാരംഭിച്ചു.
സ്ത്രീകള്‍ക്കെതിരെ ഉണ്ടാവുന്ന പീഡന പ്രചരണത്തിനു മുന്നില്‍ അതിനേക്കാള്‍ പീഡനം സ്ത്രീകളില്‍ നിന്നു നേരിട്ടു ജീവഛവങ്ങളായി മാറിയിട്ടുള്ള പുരുഷന്മാര്‍ പ്രതിഷേധം വെളിപ്പെടുത്താന്‍ പോലും ആവാതെ വഴിയാധാരമാവുകയാണെന്നു സംഘാടകര്‍ പറയുന്നു. വിവാഹിതരും അവിവാഹിതരുമായ സ്ത്രീകളില്‍ നിന്നു കടുത്ത പീഡനം നേരിട്ടു സര്‍വ്വതും നഷ്ടപ്പെട്ട നൂറുകണക്കിനു പുരുഷന്മാര്‍ കാസര്‍കോട്ടുണ്ടെന്നു സംഘാടകര്‍ അക്കമിട്ടു നിരത്തുന്നു. നിയമത്തിന്റേയോ നിയമനടപടികളുടെയോ പരിരക്ഷണം ഇവര്‍ക്കു കിട്ടുന്നില്ല. സാധാരണ മനുഷ്യര്‍ക്കുള്ള സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെടുകയാണെന്നു സംഘാടകര്‍ ചൂണ്ടിക്കാട്ടി.ഇത്തരക്കാരുടെ സ്വാഭാവിക നീതിക്കു വേണ്ടിയുള്ള മുറവിളി ജില്ലയില്‍ ഉയര്‍ത്താനും വിവേചനമില്ലാത്ത നീതി ഉറപ്പാക്കാനുമാണ് നീക്കമെന്നു സംഘാടകര്‍ പറയുന്നു.







