കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ച് ഗര്‍ഭിണികളാക്കിയ സംഭവങ്ങളില്‍ പൊലീസ് പോക്‌സോ പ്രകാരം രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രാജപുരം, നീലേശ്വരം പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്. രാജപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കര്‍ണ്ണാടക സ്വദേശിയായ സിദ്ധാര്‍ത്ഥിനെ കസ്റ്റഡിയിലെടുത്തു. പീഡനം നടന്നത് അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അങ്ങോട്ടേയ്ക്ക് മാറ്റി.
കര്‍ണ്ണാടക സ്വദേശിനിയായ പെണ്‍കുട്ടി വര്‍ഷങ്ങളായി അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് താമസം. ഇതിനിടയിലാണ് സിദ്ധാര്‍ത്ഥ് വിവാഹ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനാല്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണി ആണെന്നു വ്യക്തമായത്. ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ചാണ് രാജപുരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്.
17വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നീലേശ്വരം പൊലീസ് 19 വയസ്സുള്ള തെങ്ങുകയറ്റ തൊഴിലാളിക്കെതിരെ കേസെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ കൂടിയാണ് നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ കര്‍ണ്ണാടക സ്വദേശിനിയായ പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെട്ടത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവത്രെ. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് കലശലായ വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഡോക്ടറെ സമീപിച്ചത്. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വ്യക്തമാവുകയും നീലേശ്വരം പൊലീസിനെ അറിയിക്കുകയും ചെയ്തു. പോക്‌സോ കേസിലെ പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







