കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി താമര വിരിയിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. എന്‍ടിയു സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ചേശ്വരത്തിനൊപ്പം സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും ഇത്തവണ താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ. സുരേന്ദ്രന്‍ മത്സരിപ്പിക്കുമോയെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല. ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇപ്പോള്‍ നടക്കുന്നതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ്-അദ്ദേഹം പറഞ്ഞു.
പയ്യന്നൂര്‍ എംഎല്‍എ ഫണ്ട് മുക്കിയെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ തന്നെയാണ് ഫണ്ട് മുക്കിയതിനെക്കുറിച്ചും കള്ള രശീതിനെക്കുറിച്ചും വെളിപ്പടുത്തല്‍ നടത്തിയത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡണ്ട് എംഎല്‍ അശ്വിനിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.







