ഇന്‍ഡോര്‍: ഇന്ത്യ – ന്യൂസീലന്‍ഡ് മൂന്നാം ഏകദിനത്തിന് ഇന്‍ഡോറിലെത്തിയ രോഹിത് ശര്‍മയെ കാണാന്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിച്ച യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. മകളുടെ ചികിത്സയ്ക്കായി സഹായം തേടാനാണ് യുവതി രോഹിത് ശര്‍മയ്ക്ക് അടുത്തെത്തിയത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് രോഹിത് ശര്‍മയെ പെട്ടെന്നു തന്നെ സ്ഥലത്തുനിന്നു മാറ്റുകയായിരുന്നു. ഹോട്ടലിനുള്ളിലേക്ക് പോകുന്നതിനിടെ രോഹിത് ശര്‍മയുടെ ബാഗില്‍ പിടിച്ചുവലിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
രോഗിയായ മകളെ ചികിത്സിക്കാന്‍ ഒന്‍പതു കോടി രൂപയുടെ കുത്തിവയ്പ് ആവശ്യമാണെന്നും സഹായം തേടിയാണ് രോഹിത് ശര്‍മയ്ക്കു സമീപത്ത് എത്തിയതെന്നും സരിത ശര്‍മ എന്ന യുവതി പിന്നീട് മാധ്യമങ്ങളോടു പ്രതികരിച്ചു.
ഗുരുതരമായ അസുഖം പിടിപെട്ട മകള്‍ അനികയുടെ ചികിത്സയ്ക്കായി പണം വേണമെന്ന് യുവതി പറഞ്ഞു. ഒമ്പത് കോടി രൂപയുള്ള ഒരു കുത്തിവയ്‌പ്പെടുത്താല്‍ മകളുടെ അസുഖം ഭേദമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അത് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യണം. ഫണ്ട് സ്വരൂപിക്കുന്നതിനായി സംഘടിപ്പിച്ച ക്യാമ്പുകള്‍ വഴി 4.1 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. ബാക്കി തുകയ്ക്ക് വേണ്ടിയാണ് രോഹിത്തിനെ സമീപിക്കാനൊരുങ്ങിയത്.
ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിനിടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ക്രിക്കറ്റ് കളിക്കാരെ ബന്ധപ്പെടാന്‍ ശ്രമിച്ചു. മത്സരത്തിനിടെ സംഭാവന നല്‍കാനായി ക്യാമ്പ് സംഘടിപ്പിച്ചിരുന്നെങ്കിലും ഉദ്ദേശിച്ച പണം ലഭിച്ചില്ല. ഇതോടെ വിരാട് കോലിയെയും രോഹിത് ശര്‍മയെയും കാണാന്‍ ശ്രമിക്കുകയായിരുന്നു, അവരില്‍ നിന്നും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അതെന്നും യുവതി പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞ യുവതി തന്റെ പ്രവൃത്തികള്‍ക്ക് ക്ഷമാപണം നടത്തുകയും ചെയ്തു.







