ബിജെപി അധികാരത്തില്‍ വന്നാല്‍ സ്വര്‍ണ്ണക്കള്ളന്മാര്‍ക്കു ജയില്‍; തിരുവനന്തപുരത്തെ വിജയം അഴിമതിക്കെതിരായ കാഹളം: നരേന്ദ്രമോദി

തിരുവനന്തപുരം: സംസ്ഥാനത്തു ബി ജെ പി അധികാരത്തിലെത്തിയാല്‍ സ്വര്‍ണ്ണം കട്ടവരെ ഒന്നൊഴിയാതെ ജയിലിലടക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അതു മോദിയുടെ ഗാരന്റിയാണ്-തിരുവനന്തപുരത്തു നടന്ന ബി ജെ പി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ രക്ഷിക്കാന്‍ ബി ജെ പി അധികാരത്തില്‍ വരണമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീംലീഗിനെ ചാരി നില്‍ക്കുന്ന കോണ്‍ഗ്രസും എല്‍ ഡി എഫിനെയും എസ് ഡി പി ഐയെയും പ്രീണിപ്പിക്കുന്ന സി പി എമ്മും സംസ്ഥാനത്തു വര്‍ഗീയത വളര്‍ത്തുകയാണ്. അഴിമതി അതിഭീകരമാക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വികസന ക്ഷേമ പദ്ധതികള്‍ അക്കമിട്ട് അദ്ദേഹം വിശദീകരിച്ചു. കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ അതിവിടെ തടഞ്ഞു വയ്ക്കുന്നു. സി പി എം 40 വര്‍ഷം ഭരിച്ച പശ്ചിമ ബംഗാളിലും 30 വര്‍ഷം ഭരിച്ച ത്രിപുരയിലും ആ പാര്‍ട്ടിക്കു സ്ഥാനാര്‍ത്ഥിയാകാന്‍ ഒരാളില്ലാത്ത സ്ഥിതി വന്നു. അതേസമയം 1987 വരെ ഗുജറാത്തില്‍ ഒരു ജനപ്രതിനിധിയില്ലാതിരുന്ന ബി ജെ പി അന്ന് ആദ്യമായി അഹമ്മദാബാദ് മുനിസിപ്പാലിറ്റിയില്‍ അധികാരത്തില്‍ വന്നു. സംശുദ്ധ ഭരണം കൊണ്ടു ജനഹൃദയം ഏറ്റുവാങ്ങിയ ബി ജെ പി ഗുജറാത്തില്‍ അധികാരത്തില്‍ തുടരുന്നു. മാത്രമല്ല, ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരം തുടരുന്നു. ഗുജറാത്തിലെപ്പോലെ കേരളത്തിലും ബി ജെ പി ഒരു മുനിസിപ്പല്‍ കോര്‍പറേഷന്‍ പിടിച്ചു. അതു കേരളം പിടിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ്- അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാറാത്തതെല്ലാം ഇനി മാറും. കേരളത്തില്‍ അധികാരത്തിലെത്തിയ സി പി എം അഴിമതിയും കൊള്ളയും കൊണ്ട് അരങ്ങു കൊഴുപ്പിച്ചു. സഹകരണ സംഘങ്ങള്‍ കൊള്ളയടിച്ചു പാവപ്പെട്ട നിക്ഷേപകരുടെ ഭാവിയും ജീവിതവും തകര്‍ത്തു. ഏഴു പതിറ്റാണ്ടുകാലം കേരളത്തിലെ ഇടതു -വലതു മുന്നണികള്‍ മാറി മാറി ഭരണം അടിസ്ഥാന സൗകര്യ വികസന രംഗത്തു പോലും ഒരു മാറ്റമുണ്ടാക്കിയില്ല. കേരളത്തില്‍ ഇതു മാറും. ബിജെപി അധികാരത്തില്‍ വന്നാല്‍ മാറാത്തതെല്ലാം മാറും. തിരുവനന്തപുരത്തെ മോഡല്‍ സിറ്റിയാക്കും. കേരളത്തില്‍ അടിസ്ഥാന സൗകര്യവും വികസനവും ഉറപ്പാക്കും. തൊഴിലില്ലായ്മ ഇല്ലാതാക്കും. ജനങ്ങളെ സ്വയം പര്യാപ്തമാക്കും. തിരുവനന്തപുരത്തിന്റെ വിജയ കാഹളം രാജ്യം മുഴുവന്‍ ആഞ്ഞടിക്കുന്നുണ്ടെന്നും തിരുവനന്തപുരത്തെ വിജയം അഴിമതിയില്‍ നിന്നു കേരളത്തെ മോചിപ്പിക്കുമെന്ന പ്രഖ്യാപനത്തിന്റെ വിജയമാവട്ടെയെന്നും പ്രധാനമന്ത്രി പ്രത്യാശിച്ചു. കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന ഭാരവാഹികള്‍, സംസ്ഥാന ദേശീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page