പിണറായിയില്‍ ബി ജെ പി- കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ കല്ലേറ്; പണം കൊള്ളയടിച്ചതായും പരാതി, സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു

കണ്ണൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടയില്‍ യു ഡി എഫ്- എല്‍ ഡി എഫ് സംഘര്‍ഷം അരങ്ങേറിയ പിണറായി, എരുവട്ടിയില്‍ വീണ്ടും സംഘര്‍ഷം. വ്യാഴാഴ്ച രാത്രി ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു വീടുകള്‍ക്കു നേരെ കല്ലേറുണ്ടായി. ബി ജെ പി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും 10,000രൂപ കൊള്ളയടിച്ചതായും പരാതിയുണ്ട്.
എരുവട്ടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രനൂപിന്റെ വീടിനു നേരെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അക്രമം ഉണ്ടായത്. വീടിന്റെ ജനല്‍ ചില്ലുകളും ഗൃഹോപകരണങ്ങളും അക്രമത്തില്‍ തകര്‍ന്ന നിലയിലാണ്. എരുവട്ടിയിലെ ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പോയതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അക്രമത്തിനു പിന്നില്‍ സി പി എം ആണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടയില്‍ പ്രനൂപിനു ഭീഷണി ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രനൂപിന്റെ വീടിനു നേരെ ഉണ്ടായ അക്രമത്തിനു പിന്നാലെ നാലു ബി ജെ പി പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയും അക്രമം ഉണ്ടായി. ആദിത്യന്‍, വൈശാഖ്, വിപിന്‍, ഷിബിന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് അക്രമം ഉണ്ടായത്. വിപിന്റെ വീട്ടില്‍ നിന്നു 10,000 രൂപ എടുത്തുകൊണ്ടുപോയതായും പരാതിയുണ്ട്. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page